കൊൽക്കത്ത: അമ്മയുടെ വേർപാടിനിടയിലും ഔദ്യോഗിക ചടങ്ങുകൾ മുടക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ ആദ്യത്തെ വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഹൗറയെയും ന്യൂ ജൽപായ്ഗുരിയെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് മുഖ്യമന്ത്രി മമതാ ബാനർജിയുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. ഗവർണർ സി.വി. ആനന്ദ ബോസ്, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
7.45 മണിക്കൂർ കൊണ്ട് 564 കിലോമീറ്റർ ദൂരം പിന്നിടുന്ന ബ്ലൂ ആൻഡ് വൈറ്റ് ട്രെയിൻ റൂട്ടിലെ മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് മൂന്ന് മണിക്കൂർ യാത്രാ സമയം ലാഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ബർസോയ്, മാൾഡ, ബോൾപൂർ എന്നിവിടങ്ങളിൽ മൂന്ന് സ്റ്റോപ്പുകളുണ്ടാകും. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി ബംഗാളിലെ ചടങ്ങുകളിൽ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ അമ്മയുടെ മരണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അനുശോചനമറിയിച്ചു. ”ഇന്ന് ദുഃഖകരമായ ദിവസമാണ്. ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. നിങ്ങളുടെ പ്രവൃത്തിയിലൂടെയും പ്രവർത്തനങ്ങളിലൂടെയും നിങ്ങളുടെ അമ്മയെ സ്നേഹിക്കാൻ ദൈവം നിങ്ങൾക്ക് ശക്തി നൽകുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ”- മമതാ ബാനർജി പറഞ്ഞു.
പരിപാടികൾ വെട്ടിച്ചുരുക്കി വിശ്രമിക്കണമെന്നും മമത മോദിയോട് ഉപദേശിച്ചു. നാല് വമ്പൻ റെയിൽവേ പദ്ധതികളാണ് മോദി ഇന്ന് ബംഗാളിൽ ഉദ്ഘാടനം ചെയ്തത്.
മാതാവിൻ്റെ വിയോഗവാർത്ത അറിഞ്ഞതിന് പിന്നാലെ ദില്ലിയിൽ നിന്നും അഹമ്മദാബാദിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി ഗാന്ധിനഗറിലെ വീട്ടിലെത്തി അമ്മയ്ക്ക് അന്തിമോപചാരം അർപ്പിച്ചു. പിന്നാലെ വിലാപയാത്രയായി കനത്ത സുരക്ഷയോടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടു പോകുകയും ഒൻപതരയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാവുകയും ചെയ്തു.