ആലപ്പുഴ: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി മണ്ഡലം മാറുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിച്ച് തുടങ്ങിയതെന്ന് കെ.സി. വേണുഗോപാൽ ചോദിച്ചു.
രാഹുൽ എവിടെയൊക്കെ മൽസരിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കും. രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് മോദി പറഞ്ഞത്. വയനാടിനെയും കേരളത്തെയും അപമാനിക്കുന്ന പ്രസ്താവനയാണ് മോദി നടത്തിയത്. കേരളം ഇന്ത്യയിലല്ലേ എന്നും വേണുഗോപാൽ ചോദിച്ചു.
രാഹുൽ മൽസരിക്കുന്ന അദ്ദേഹത്തിന്‍റെ സിറ്റിങ് സീറ്റിലാണ്. ഗുജറാത്തിൽ നിന്ന് പോയി യു.പിയിലെ വാരണാസിയിൽ മോദി മൽസരിച്ചത് പേടിച്ചിട്ടാണെന്ന് ആരും പറഞ്ഞിട്ടില്ല. മോദിക്ക് പരാജയ ഭീതിയും വിഭ്രാന്തിയുമാണ്. 400 സീറ്റെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് ആത്മവിശ്വാസ കുറവ് കൊണ്ടാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധി മറ്റൊരു സീറ്റിൽ മത്സരിക്കുമെന്നാണ് ചാനൽ അഭിമുഖത്തിൽ മോദി പറഞ്ഞത്. വയനാട് മണ്ഡലം ഉപേക്ഷിക്കും. വയനാട്ടിലെ വോട്ടെടുപ്പ് കഴിയാനാണ് കാത്തിരിക്കുന്നത്. ഏപ്രിൽ 26ന് ശേഷം ഇതുസംബന്ധിച്ച പ്രഖ്യാപനം വരും. കോൺഗ്രസ് പരാജയം സമ്മതിച്ചു കഴിഞ്ഞെന്നും മോദി വ്യക്തമാക്കിയിരുന്നു.