ദില്ലി :പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന് പേരിട്ടതിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ എന്ന് പേരിട്ടത് കൊണ്ട് മാത്രം കാര്യമില്ല. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും ഇന്ത്യൻ മുജാഹിദീന്‍റെയും പേരില്‍ ഇന്ത്യയുണ്ട്. ദിശാബോധമില്ലാത്ത പ്രതിപക്ഷമാണിതെന്ന് മോദി വിമർശിച്ചു. പാർലമെന്‍ററി പാര്‍ട്ടി യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. പോപ്പുലർ ഫ്രണ്ടും പേരിനൊപ്പം ഇന്ത്യ കൂടി ചേർത്തിരുന്നു എന്നും മോദി പറഞ്ഞു.
കർണാടകയില്‍ ചേർന്ന പ്രതിപക്ഷ യോഗത്തില്‍ സഖ്യത്തിന്‍റെ പേര് ഇന്ത്യയെന്ന് തീരുമാനിച്ചതോടെയാണ് വിവാദവും മുറുകിയത്. ഇന്ത്യയെന്ന പേര് കൊളോണിയല്‍ ചിന്താഗതിയെന്ന വിമർശനം ഉയർത്തി ഭരണപക്ഷത്ത് നിന്ന് ആദ്യം രംഗത്തെത്തിയത് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയാണ്. ബ്രീട്ടിഷുകാരുടെ സംഭാവനയാണ് ഇന്ത്യ എന്ന പേര്. മുന്‍ഗാമികള്‍ ഭാരതത്തിനായാണ് പോരാടിയതെന്ന് ട്വിറ്ററില്‍ കുറിച്ച ഹിമന്ദ ബിശ്വ ശർമ തന്‍റെ ബയോയില്‍ ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കി തിരുത്തുകയും ചെയ്തു.
എന്നാല്‍ അസം മുഖ്യമന്ത്രിയുടെ വിമർശനത്തെ കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് എതിർത്തു. സ്കില്‍ ഇന്ത്യ, സ്റ്റാർട്ട് അപ്പ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നീ സർക്കാർ പദ്ധതികള്‍ക്ക് പേര് നല്‍കിയത് ഹിമന്ദബിശ്വ ശർമയുടെ പുതിയ ഉപദേശകനായ മോദിയാണെന്ന് ജയ്റാം രമേശ് പറഞ്ഞു. മുഖ്യമന്ത്രിമാരോട് ടീം ഇന്ത്യയായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നത് മോദിയാണ്. പ്രചാരണ റാലികളില്‍ മോദി ഇന്ത്യക്ക് വോട്ട് ചെയ്യണമെന്നാണ് പറഞ്ഞിട്ടള്ളതെന്നും പഴയ പ്രചാരണ വീഡിയോ പങ്ക് വെച്ച് ജയ്റാം രമേശ് കുറ്റപ്പെടുത്തി. ഇന്ത്യയെന്ന പേര് സഖ്യത്തിന് തീരുമാനിച്ചതിന് പിന്നാലെ ഒരു ടാഗ്ലൈൻ കൂടി സഖ്യം തീരുമാനിച്ചിട്ടുണ്ട്. ജീത്തേഗ ഭാരത് ഭാരത് വിജയിക്കും എന്നതാണ് ടാഗ് ലൈൻ.