ന്യൂഡൽഹി : മറ്റു പാർട്ടികളുടെ നേതാക്കൾ സ്വന്തം കുടുംബത്തിനു വേണ്ടി പ്രയത്നിക്കുമ്പോൾ ബിജെപി ജനങ്ങൾക്കാണു പ്രാമുഖ്യം നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സർക്കാർ സൗജന്യ വാക്സീൻ നൽകി. മറ്റൊരു സർക്കാരും സൗജന്യ വാക്സീൻ നൽകിയിട്ടില്ല. മുൻപു നടന്ന പല വാക്സിനേഷൻ പദ്ധതികളും ഗ്രാമങ്ങളിലേക്കെത്തിയതുമില്ല–യുപിയിലും പഞ്ചാബിലും തിരഞ്ഞെടുപ്പു റാലികളിൽ പ്രസംഗിക്കുകയായിരുന്നു മോദി. കലാപകാരികളുടെ വിഭജന ശ്രമങ്ങളെ മറികടന്ന് ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് മോദി യുപിയിലെ സീതാപുരിൽ പറഞ്ഞു.ഉത്തർ പ്രദേശിനെ ബിജെപി ‘ഉത്തമ പ്രദേശ’മാക്കാനാണു ലക്ഷ്യമിടുന്നത്. ഗുരുനാനാക്കിന്റെ ജന്മസ്ഥലമായ കർത്താർപുർ സാഹിബ് പാക്കിസ്ഥാനിൽനിന്നു പിടിച്ചെടുക്കാൻ കോൺഗ്രസ് ശ്രമിച്ചില്ലെന്നു പഞ്ചാബിലെ പഠാൻകോട്ടിൽ മോദി ആരോപിച്ചു.
പഠാൻകോട്ടിൽ പാക്കിസ്ഥാൻ ആക്രമണം നടത്തിയപ്പോൾ കോൺഗ്രസ് സൈന്യത്തിന്റെ കഴിവിനെ ചോദ്യം ചെയ്തു. ഇപ്പോൾ പുൽവാമ ആക്രമണത്തിന്റെ പേരിലും സൈന്യത്തെ ചോദ്യം ചെയ്യുന്നു. കോൺഗ്രസിന്റെ കൈകളിൽ പഞ്ചാബ് സുരക്ഷിതമല്ല. ക്യാപ്റ്റൻ അമരിന്ദർ സിങ് അവരെ നേർവഴിക്കു നയിക്കാൻ ശ്രമിച്ചിരുന്നു. ഇപ്പോൾ അദ്ദേഹവും കോൺഗ്രസിലില്ലെന്നും മോദി പറഞ്ഞു.