ജയ്പൂര്‍ : ബിജെപിയില്‍ ജനങ്ങള്‍ക്ക് വിശ്വാസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ പ്രതീക്ഷയോടെയാണ് ബിജെപിയെ കാണുന്നത്. സന്തുലിത വികസനത്തിന്‍റെയും സാമൂഹ്യ നീതിയുടെയും എട്ട് വര്‍ഷങ്ങളാണ് കഴിഞ്ഞത്. 2014 വരെ സര്‍ക്കാരുകളില്‍ നിന്ന് ജനം ഒന്നും പ്രതീക്ഷിച്ചില്ല. ഇന്ന് ജനങ്ങള്‍ പൂര്‍ണ്ണ പ്രതീക്ഷയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ സ്വപ്നം സാക്ഷാത്കരിക്കും. അതുവരെ വിശ്രമമില്ല. ലോകം ഇന്ത്യയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. 25 വർഷത്തേക്കുള്ള കർമ്മപദ്ധതി തയ്യാറാക്കണം. സർക്കാരിന്‍റെ ഉത്തരവാദിത്തം കൂടി. തെരഞ്ഞെടുപ്പ് വിജയങ്ങൾ ആത്മവിശ്വാസം കൂട്ടിയെന്നും ജയ്പൂരില്‍ നടക്കുന്ന ബിജെപി ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഭാഷ വിവാദത്തില്‍ അമിത് ഷായെ പ്രധാനമന്ത്രി തിരുത്തുകയും ചെയ്തു. വിവാദം അനാവശ്യമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ബിജെപി എല്ലാ ഭാഷകളെയും ഒരുപോലെയാണ് കാണുന്നത്. പ്രാദേശിക ഭാഷകള്‍ ഭാരതീയതയുടെ ആത്മാവാണ്. വിദ്യാഭ്യാസ നയത്തില്‍ പ്രാദേശിക ഭാഷകള്‍ക്ക് മുന്‍ഗണന നല്‍കുന്നു. പ്രാദേശിക ഭാഷകളോടുള്ള ബിജെപിയുടെ പ്രതിബദ്ധത തെളിയിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.