ദില്ലി: പലസ്തീനുള്ള മാനുഷിക സഹായം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പലസ്തീൻ പ്രസിഡന്റിനോട് സംസാരിച്ചുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ഗാസയിലെ ആശുപത്രിയിൽ സാധാരണക്കാർ കൊല്ലപ്പെട്ടതിൽ അനുശോചനം അറിയിച്ചു. മേഖലയിലെ സുരക്ഷാ സ്ഥിതിയിലും ഭീകരവാദത്തിലും മോദി ആശങ്ക അറിയിക്കുകയും ചെയ്തു. ഇസ്രയേൽ പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘകാലമായുള്ള നിലപാട് ആവർത്തിച്ചു എന്നും മോദി വ്യക്തമാക്കി.
ഇസ്രയേലിനൊപ്പമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനെ ശക്തമായി ന്യായീകരിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി. ഇന്ത്യ നിൽക്കുന്നത് ഭീകരവാദത്തിനെതിരെയെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. ഇന്ത്യയുടെ നയത്തെ എതിർക്കുന്നവർക്ക് ദുഷിച്ച മനസാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഭീകരവാദികളെ ശരദ്പവാറും ഇടതുപാർട്ടികളും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മോദിയുടെ നയത്തെ ന്യായീകരിച്ച് നിതിൻ ഗഡ്കരിയും രംഗത്തെത്തി. ഇസ്രയേലിലെ ഭീകരാക്രമണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് പവാറിന്റെ പ്രസ്താവനകൾ കപടമാണെന്ന് ഗോയൽ ആരോപിച്ചു.
ലോകത്തിന്റെ ഏത് ഭാഗത്തും എല്ലാ രൂപത്തിലുമുള്ള ഭീകരതയുടെ വിപത്ത് അപലപിക്കപ്പെടേണ്ടതാണ്. ഇന്ത്യയുടെ പ്രതിരോധ മന്ത്രിയും മുഖ്യമന്ത്രിയും ആയിട്ടുള്ള ഒരാൾക്ക് ഭീകരതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇത്തരമൊരു വീക്ഷണം ഉണ്ടായിരിക്കുന്നത് ഖേദകരമാണെന്നും ഗോയൽ പറഞ്ഞു. ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ കണ്ണീരൊഴുക്കുകയും ഇന്ത്യൻ മണ്ണിൽ ഭീകരാക്രമണങ്ങൾ നടക്കുമ്പോൾ ഉറങ്ങുകയും ചെയ്ത സർക്കാരിന്റെ ഭാഗമായിരുന്നു പവാറെന്നും ഇത്തരം ജീർണിച്ച ചിന്താഗതി അവസാനിപ്പിക്കണമെന്നും പവാർ ഇപ്പോഴെങ്കിലും ആദ്യം രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗോയൽ പറഞ്ഞു.