തൃശൂർ: ഈ മാസം 17ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കേണ്ടിയിരുന്ന വിവാഹങ്ങളുടെ സമയക്രമങ്ങൾ മാറ്റി നിശ്ചയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ചാണ് സമയമാറ്റം. അന്ന് നിശ്ചയിച്ചിരുന്ന 39 വിവാഹങ്ങൾ അതിരാവിലെ അഞ്ചിനും ആറിനും ഇടയിൽ നടത്തണം. ഈ സമയത്ത് നേരത്തെ നിശ്ചയിച്ചിരുന്ന ഒമ്പത് വിവാഹങ്ങളും കൂടി 48 വിവാഹങ്ങളാണ് ആ സമയത്ത് നടക്കേണ്ടത്.
ഓരോ വിവാഹ സംഘങ്ങളിലും ഇരുപത് പേർക്ക് മാത്രം പങ്കെടുക്കാം. എല്ലാവരും തിരിച്ചറിയിൽ കാർഡ് ഹാജരാക്കി പൊലീസിൽ നിന്ന് പ്രത്യേക പാസെടുക്കണം. രാവിലെ ആറിനും ഒമ്പതിനും ഇടയിൽ ചോറുണിനും തുലഭാരത്തിനും അനുമതിയില്ല.
17ന് രാവിലെ എട്ടിനാണ് പ്രധാനമന്ത്രിയുടെ ക്ഷേത്രദർശനം. തുടർന്ന് നടനും ബി.ജെ.പി നേതാവുമായ സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്താണ് മടങ്ങുക. 16ന് കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി കൊച്ചി നഗരത്തിൽ റോഡ് ഷോ നടത്തും.