കൊച്ചി : ആലുവയിലെ നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുഹമ്മദ് സുഹൈലിന്റെ മാതാപിതാക്കള്‍ക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. തൊടുപുഴ അല്‍ അസ്ഹര്‍ ലോ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ മോഫിയ പര്‍വീണിനെ 2021 നവംബര്‍ 22നു വൈകിട്ടാണു സ്വവസതിയില്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ പീഡനം മൂലമാണു ജീവനൊടുക്കുന്നതെന്നു മോഫിയ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. സ്റ്റേഷനില്‍ പരാതിയുമായി എത്തിയപ്പോള്‍ മോശമായി പെരുമാറിയ ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.