കൊച്ചി: ആലുവയിലെ മൊഫിയ പർവീണിന്റെ ആത്മഹത്യയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആലുവ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മൊഫിയയുടെ ഭർത്താവ് സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കൾ എന്നിവരെ പ്രതിചേർത്താണ് കുറ്റപത്രം. ഭർത്താവിന്റെ വീട്ടിൽ മൊഫിയ അനുഭവിച്ചത് ക്രൂര പീഡനമാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ഭർത്താവ് സുഹൈലാണ് ഒന്നാം പ്രതി, സുഹൈലിന്റെ അമ്മ റുഖിയ കേസിൽ രണ്ടാംപ്രതിയാണ് പിതാവ് യൂസഫ് മൂന്നാം പ്രതിയും. മോഫിയയെ സുഹൈൽ നിരന്തരം മർദ്ദിച്ചിരുന്നുവെന്നും ഈ മർദ്ദനമാണ് മോഫിയയുടെ ആത്മഹത്യ വരെ എത്തിച്ചതെന്നുമാണ് പോലീസ് കണ്ടെത്തൽ.
സുഹൈലിന്റെ അമ്മയും മൊഫിയയെ നിരന്തരം മർദ്ദിച്ചുവെന്നാണ് കുറ്റപത്രം. പിതാവ് യൂസഫ് മർദ്ദനത്തിന് കൂട്ടുനിന്നു. ആലുവ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവ് ആണ് കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ സുഹൈൽ ജയിലിലാണ്. മാതാപിതാക്കൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 21നാണ് സുഹൈലിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കുന്നത്. ഇതിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചതോടെ കേസിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയാണ് പോലീസിന്‍റെ ലക്ഷ്യം.