ജിദ്ദ: സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍കാദ്മിയും കൂടിക്കാഴ്ച നടത്തി. ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.രണ്ട് രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധവും സംയുക്ത സഹകരണ മേഖലകളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ചും ചര്‍ച്ച ചെയ്തു. ശനിയാഴ്ച വൈകിട്ടാണ് ഇറാഖ് പ്രധാനമന്ത്രി സൗദിയിലെത്തിയത്.
ജിദ്ദ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ കിരീടാവകാശി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഞായറാഴ്ച രാവിലെ ഇറാഖ് പ്രധാനമന്ത്രി മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ചിരുന്നു. മസ്ജിദുല്‍ ഹറമിലെത്തിയ മുസ്തഫ അല്‍കാദ്മിയെയും സംഘത്തെയും ഇരുഹറം കാര്യാലയ ഉദ്യോഗസ്ഥരും ഹറം സുരക്ഷാ മേധാവികളും ചേര്‍ന്നാണ് സ്വീകരിച്ചത്.