ന്യൂഡൽഹി : എല്ലാ മസ്ജിദിലും ശിവലിംഗം തിരയേണ്ടതില്ല എന്നു പറഞ്ഞപ്പോൾതന്നെ, ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ടുളള അവകാശവാദം തള്ളിക്കളയുന്നില്ലെന്ന നിലപാടാണ് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം നാഗ്പുരിൽ വ്യക്തമാക്കിയത്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന് ആർഎസ്എസ് ഇനി ഇല്ലെന്ന് 2019 നവംബർ 9ന് അയോധ്യ കേസിലെ സുപ്രീം കോടതി വിധിയോടുള്ള പ്രതികരണമായി പറഞ്ഞ നിലപാട് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.
മുസ്‌ലിംകൾക്കും ഹിന്ദുക്കൾക്കും ഒരേ പൂർവികർ തന്നെയെന്നതും ഭാഗവത് നേരത്തേയും പറഞ്ഞിട്ടുള്ളതാണ്. പുതിയ വിവാദങ്ങൾ കുത്തിപ്പൊക്കാൻ പാടില്ലെന്നതുൾപ്പെടെ കഴിഞ്ഞ ദിവസം ഭാഗവത് പറഞ്ഞ കാര്യങ്ങളോട് ബിജെപി പ്രതികരിച്ചിട്ടില്ല. സർസംഘചാലക് നിലപാടു പറഞ്ഞുകഴിഞ്ഞാൽ അതിനെ വ്യാഖ്യാനിച്ചു പറയുന്ന രീതിയില്ലെന്നാണ് ഇതിനു നേതാക്കൾ സൂചിപ്പിക്കുന്ന കാരണം. രാമജന്മഭൂമി പ്രക്ഷോഭത്തിൽ ഉൾപ്പെട്ടതു ചരിത്രപരമായ കാരണങ്ങളാൽ ആണെന്നും ഇനി മനുഷ്യശേഷി വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് 2019 നവംബറിൽ ഭാഗവത് പറഞ്ഞത്. ആർഎസ്എസ് നേരിട്ടല്ല, 1964ൽ സ്ഥാപിതമായ വിശ്വ ഹിന്ദു പരിഷത്താണ് (വിഎച്ച്പി) ആദ്യം അയോധ്യ പ്രക്ഷോഭം നടത്തിയത്. വിഎച്ച്പി 1984 സെപ്റ്റംബർ –ഒക്ടോബറിൽ അയോധ്യ വിമോചന യാത്ര നടത്തി. അതേ വർഷമാണ് വിനയ് കട്യാറിന്റെ നേതൃത്വത്തിൽ ബജ്‌റങ്ദൾ രൂപീകരിച്ചത്.
വിഷയം രാഷ്ട്രീയമായി ഗുണകരമെന്നു വിലയിരുത്തി 1989ലാണ് ബിജെപി അയോധ്യ വിഷയത്തിൽ ഉൾപ്പെടുന്നത്. ഹിമാചൽ പ്രദേശിലെ പാലംപുരിൽ 1989 ജൂണിൽ നടന്ന പാർട്ടി ദേശീയ നിർവാഹക സമിതിയാണ് ഇതിന് തീരുമാനിച്ചത്. 1989ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 88 സീറ്റ് ലഭിച്ചു, 1991ൽ 119 സീറ്റും. ആർഎസ്എസ് ഇനി ക്ഷേത്ര പ്രക്ഷോഭത്തിനില്ല എന്ന് ഭാഗവത് പറയുമ്പോഴും വിഎച്ച്പിക്ക് അത്തരമൊരു നിലപാടില്ലെന്നതു ശ്രദ്ധേയമാണ്. 2019ൽ ഭാഗവത് പറഞ്ഞ നിലപാടിന്റെ സാഹചര്യം, ഗ്യാൻവാപിയിൽ ‘ശിവലിംഗം കണ്ടെത്തിയതോടെ’ മാറിയെന്നാണ് വിഎച്ച്പി കേന്ദ്ര വർക്കിങ് പ്രസിഡന്റ് അലോക് കുമാർ ഈയിടെ പറഞ്ഞത്. ഈ മാസം 11നും 12നും ഹരിദ്വാറിൽ ചേരുന്ന മാർഗദർശക് മണ്ഡൽ ഗ്യാൻവാപി വിഷയവും ചർച്ച ചെയ്യും. ഗ്യാൻവാപിയിൽ ഇടപെടാനുള്ള താൽപര്യം കഴിഞ്ഞ ദിവസം വിനയ് കട്യാറും വ്യക്തമാക്കിയിരുന്നു.
ആർഎസ്എസും ബിജെപിയും 1980കളിൽ അയോധ്യ പ്രക്ഷോഭത്തിൽ സജീവമായതു പാർട്ടി പ്രതിപക്ഷത്തുള്ളപ്പോഴാണ്. ഇപ്പോൾ, ഭരണകക്ഷിയായിരിക്കെ, പ്രത്യക്ഷമായി പ്രക്ഷോഭങ്ങൾക്കിറങ്ങാനാവില്ലെന്നാണു ബിജെപി വൃത്തങ്ങൾ പറയുന്നത്. 1991ലെ ആരാധനാസ്ഥല നിയമം പുനഃപരിശോധിക്കണമെന്ന വാദം ബിജെപിയിൽ ശക്തമാണ്. ആരാധനാസ്ഥലങ്ങളുടെ സ്വഭാവം പരിശോധിക്കാൻ ഈ നിയമം തടസ്സമല്ലെന്ന് സുപ്രീം കോടതിയും ഈയിടെ പറഞ്ഞിരുന്നു. പ്രക്ഷോഭത്തിലൂടെയല്ല, കോടതിയിലൂടെയും നിയമപരമായും അവകാശവാദങ്ങൾ നേടിയെടുക്കാനുള്ള താൽപര്യമാണു നിയമം ഭേദഗതി ചെയ്യണമെന്ന വാദത്തിലൂടെ ഉന്നയിക്കുന്നതെന്നാണു പാർട്ടിവൃത്തങ്ങൾ പറയുന്നത്.