കോഴിക്കോട് : പൂപ്പൽബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു. തിയറ്ററിൽനിന്നും വൃക്ക മാറ്റിവച്ച രണ്ടു പേർക്ക് അണുബാധ ഉണ്ടായി. വൃക്ക മാറ്റിവച്ച ഒരാളുടെ മൂത്രത്തിനു നിറവ്യത്യാസം കണ്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു പൂപ്പൽബാധ വ്യക്തമായത്. തുടർന്ന് രണ്ടാമത്തെ ആളെയും പരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു.
രണ്ടു പേർക്കും യഥാസമയം വിദഗ്ധ ചികിത്സ നൽകിയതിനാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായില്ലെന്നു ഡോക്ടർമാർ പറയുന്നു. ഒരാളെ തീവ്രപരിചരണ വിഭാഗത്തിലും മറ്റൊരാളെ പേ വാർഡിലുമാണു പ്രവേശിപ്പിച്ചത്. പ്ലാസ്റ്റിക് സർജറി, കാർഡിയോ തൊറാസിക് സർജറി, ഉദരരോഗ ശസ്ത്രക്രിയ എന്നീ വിഭാഗങ്ങൾ ഉപയോഗിക്കുന്ന തിയറ്റർ താൽക്കാലികമായി യൂറോളജി വിഭാഗത്തിനു കൂടി നൽകി.
മൂന്നു വിഭാഗങ്ങൾക്കു ശസ്ത്രക്രിയ ഇല്ലാത്ത ദിവസങ്ങളിൽ യൂറോളജി വിഭാഗത്തിനു ഉപയോഗിക്കുന്ന തരത്തിലാണു ക്രമീകരണം ഏർപ്പെടുത്തിയത്. എയർകണ്ടീഷനറിൽനിന്നും വെള്ളം തിയറ്ററിലേക്ക് എത്തിയതാണ് അണുബാധയ്ക്കു കാരണമായി പറയുന്നത്. മരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി പ്രശ്നം പരിഹരിച്ചു. ഇവിടെനിന്നും സ്വാബ് എടുത്ത് മൈക്രോബയോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അടുത്ത ദിവസം ഫലം ലഭിച്ച ശേഷമേ തിയറ്റർ തുറക്കൂ.