പാലക്കാട്: കഞ്ചിക്കോട് ദേശീയപാതയില്‍ നിന്ന് പണം തട്ടിയ സംഘത്തിലെ രണ്ട് പേര് കൂടി പോലീസിന്റെ പിടിയില്‍. തൃശൂര്‍ സ്വദേശി അരുണ്‍, കോടാലി സ്വദേശി അജയ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇരുവരും പണം തട്ടിയ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തു. ഇതോടെ പിടിയിലായവരുടെ എണ്ണം ഏഴായി. കഴിഞ്ഞ ദിവസമാണ് പാലക്കാട് കഞ്ചിക്കോട് ദേശീയപാതയില്‍ വന്‍ കവര്‍ച്ച നടന്നത്. കാര്‍ തടഞ്ഞ് നിര്‍ത്തി നാലര കോടി കവര്‍ന്നതായി പോലീസില്‍ പരാതി ലഭിച്ചു. മേലാറ്റൂര്‍ സ്വദേശികളായ ഇവ്നു വഹ, മുഹമ്മദ് ഷാഫി, മുഹമ്മദ് ആസിഫ് എന്നിവരാണ് പാലക്കാട് കസബ പോലീസില്‍ കവര്‍ച്ചയെ കുറിച്ച് പരാതി നല്‍കിയത്. കഞ്ചിക്കോട്ട് വെച്ച് സിനിമാ സ്റ്റൈലില്‍ കാറിന് കുറുകെ ടിപ്പര്‍ നിര്‍ത്തിയിട്ട് തടഞ്ഞാണ് ഒരു സംഘം കവര്‍ച്ച നടത്തിയത്.