തൃശ്ശൂർ : 219.33 കോടിയുടെ തട്ടിപ്പ് നടത്തിയ കരുവന്നൂർ സഹകരണബാങ്കിൽ ഇതിനായി പുതുതലമുറ ബാങ്കുകളിലേക്കും തുക വകമാറ്റി. ആറു ബാങ്കുകളിലേക്ക് കോടികളുടെ തുക വകമാറ്റിയെന്നാണ് തട്ടിപ്പന്വേഷിച്ച വിദഗ്ധസമിതിയുടെ അനുമാനം. എന്നാൽ, കൃത്യമായ തുക കണ്ടെത്താനായില്ല. ഇതിനായി സഹകരണവകുപ്പ് പ്രത്യേക അനുമതിയോടെ അന്വേഷണസമിതിയെ നിയമിക്കണമെന്ന് ഒൻപതംഗസമിതി ശുപാർശ നൽകിയിട്ടുണ്ട്.
സഹകരണബാങ്കുകൾ സ്വകാര്യ-പുതുതലമുറ ബാങ്കുകളിൽ നിക്ഷേപം നടത്തുമ്പോൾ സഹകരണ രജിസ്ട്രാറുടെ പ്രത്യേക അനുമതി വാങ്ങണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ ആറു ബാങ്കുകളിലേക്കും നിക്ഷേപം നടത്തിയത് അനുമതി വാങ്ങിയാണോ എന്നതിന്റെ േരഖകൾ കാണാനില്ല. എത്രയാണ് നിക്ഷേപിച്ചതെന്നും നിക്ഷേപം പിൻവലിച്ചിട്ടുണ്ടോയെന്നും കൃത്യമായി കണ്ടെത്താനുമായിട്ടില്ല. അതിനാൽ സഹകരണനിയമത്തിെല 65-ാം വകുപ്പ് പ്രകാരം നടന്ന അന്വേഷണം നിലനിർത്തി വീണ്ടും കൂടുതൽ കാര്യങ്ങൾ കൂട്ടിച്ചേർത്ത് 65-ാം വകുപ്പ് പ്രകാരമുള്ള വിശദമായ അന്വേഷണത്തിനായി പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്. ബാങ്ക് സെക്രട്ടറിയുടെ നിയമനം, ഉദ്യോഗക്കയറ്റം, ഗ്രേഡ് പ്രൊമോഷൻ തുടങ്ങിയവ സഹകരണ ചട്ടത്തിന് വിധേയമല്ലെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ട്.