നിക്ഷേപത്തിന് നിലവില്‍ ഇന്ത്യയില്‍ നിരവധി ഓപ്ഷനുകളുണ്ട്. എന്നാല്‍ എല്ലായിടത്തും നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും എന്നതിന് യാതൊരു ഉറപ്പുമില്ല. അതുകൊണ്ടുതന്നെയാണ് റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലാത്തവരും, സുരക്ഷിതരുമാനം ആഗ്രഹിക്കുന്നവരും, ബാങ്ക് സ്ഥിരനിക്ഷേപങ്ങളും, പോസ്റ്റ് ഓഫീസ് സ്‌കീമുകളും പ്രധാനമായും തെരഞ്ഞെടുക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മികച്ച വരുമാനം നല്‍കുന്ന കാര്യത്തില്‍ പലപ്പോഴും പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ ബാങ്ക് എഫ്ഡികള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്. നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തോടൊപ്പം മികച്ച വരുമാനവും ഉറപ്പുനല്‍കുന്നതാണ് മിക്ക സ്‌കീമുകളും. അത്തരത്തില്‍ നിക്ഷേപിച്ച പണം ഇരട്ടിയാക്കുന്ന പോസ്റ്റ് ഓഫീസ് പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. അടുത്തിടെ പോസ്റ്റ് ഓഫീസ് കിസാന്‍ വികാസ് പത്ര (കെവിപി) പദ്ധതി പ്രകാരം വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഉയര്‍ന്ന പലിശനിരക്ക്
കിസാന്‍ വികാസ് പത്ര സേവിംഗ് സ്‌കീമുകളുടെ പലിശ നിരക്ക് 7.2 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി പോസ്റ്റ് ഓഫീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 1 മുതലാണ് പുതിയ പലിശനിരക്ക് പ്രാബല്യത്തില്‍ വന്നത്. ഈ പോസ്റ്റ് ഓഫീസ് സ്‌കീമിന് 7.2 ശതമാനം പലിശ നല്‍കുമ്പോള്‍, നിക്ഷേപകരുടെ പണം ഇരട്ടിയാക്കാന്‍ 120 മാസം എടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്‌കീമില്‍ പലിശ നിരക്ക് 7.2 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി വര്‍ദ്ധിച്ചപ്പോള്‍, 120 ന് പകരം, 115 മാസം (9 വര്‍ഷവും 7 മാസവും) കൊണ്ട് നിക്ഷേപകരുടെ പണം ഇരട്ടിയാകും.
1000 രൂപ കൊണ്ട് അക്കൗണ്ട് തുടങ്ങാം
കിസാന്‍ വികാസ് പത്ര സേവിംഗ് സ്‌കീമിന് കീഴില്‍, കുറഞ്ഞത് 1000 രൂപയില്‍ ഒരു അക്കൗണ്ട് തുറക്കാന്‍ കഴിയും. ഈ സ്‌കീമിലെ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. കിസാന്‍ വികാസ് പത്രയില്‍ വ്യക്തിഗത അക്കൗണ്ടും സംയുക്ത അക്കൗണ്ടും ആരംഭിക്കാന്‍ സാധിക്കും. പ്രായപൂര്‍ത്തിയായ 3 പേര്‍ ചേര്‍ന്ന് സംയുക്ത അക്കൗണ്ട് ആരംഭിക്കാം. പ്രായ പരിധിയില്ലാതെ ആര്‍ക്കും അക്കൗണ്ട് തുറക്കാം.കിസാന്‍ വികാസ് പത്ര സ്‌കീമിന് കീഴില്‍ നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍, അക്കൗണ്ട് തുറന്ന തീയതി മുതല്‍ 2 വര്‍ഷവും 6 മാസവും കഴിഞ്ഞ് അത് ക്ലോസ് ചെയ്യാം.
പണം ഇരട്ടിയാകും
നിക്ഷേപം കാലാവധിയോളം തുടര്‍ന്നാല്‍ നിക്ഷേപിച്ച തുക ഇരട്ടിയാകും എന്നതാണ് കിസാന്‍ വികാസ് പത്രയുടെ നേട്ടം. 10 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 115 മാസം കൊണ്ട് 20 ലക്ഷം രൂപ ലഭിക്കും. കിസാന്‍ വികാസ് പത്ര പദ്ധതി പ്രകാരം ഒരു നിശ്ചിത സമയത്തിന് ശേഷമാണ് നിക്ഷേപകരുടെ പണം ഇരട്ടിയാവുക. നിക്ഷേപം ഇരട്ടിക്കാന്‍ ആവശ്യമായ സമയമാണ് നിക്ഷേപത്തിന്റെ കാലാവധി.