കൊവിഡ് 19ന് പിന്നാലെ മങ്കിപോക്സിന്റെ ഭീതിയിലാണ് രാജ്യങ്ങൾ. ഇന്ത്യയിലെ ആദ്യത്തെ മങ്കിപോക്സ് മരണം സ്ഥിരീകരിച്ചു. കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള 22 കാരനാണ് അണുബാധയ്ക്ക് കീഴടങ്ങിയത്. മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി ലോകാരോഗ്യ സംഘടന ജൂലൈ 23 ന് പ്രഖ്യാപിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും വൈറസ് പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
മങ്കിപോക്സ് അടിയന്തര ആഗോള പൊതുജനാരോഗ്യ ആശങ്കയാണെന്ന് ലോകാരോഗ്യസംഘടനാ തലവൻ ഡോ. ടെഡ്രോസ് ഗബ്രിയേസൂസ് അഥനോം വ്യക്തമാക്കി. മങ്കിപോക്‌സ് വ്യാപനം ആഗോള തലത്തിൽ വെല്ലുവിളി ഉയർത്തുന്നവെന്നും അദ്ദേഹം പറഞ്ഞു.
പനി, തളർച്ച, തലവേദന പോലുള്ള ലക്ഷണങ്ങളാണ് പ്രധാനമായി കണ്ടിരുന്ന ലക്ഷണങ്ങൾ. അതേസമയം ദേഹത്ത് ചെറിയ കുമിളകൾ പൊങ്ങുന്നതാണ് മങ്കിപോക്സിൻറെ മറ്റൊരു പ്രധാന ലക്ഷണം. ജലദോഷം, തൊണ്ടവേദന പോലുള്ള പ്രശ്നങ്ങളും കാണാം. ദേഹത്ത് ചിക്കൻ പോക്സ് രോഗത്തിലെന്ന പോലെ കുമിളകൾ പൊങ്ങുന്നതാണ് മങ്കിപോക്സിൻറെ വലിയ പ്രത്യേകത.
മലാശയത്തിലോ മലദ്വാരത്തിലോ വേദന/രക്തസ്രാവം റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ കൂടിയിട്ടുണ്ടെന്നും വിദഗ്ധർ പറയുന്നു. സാധാരണ പനി പോലുള്ള ലക്ഷണങ്ങൾക്ക് മുമ്പുള്ള മലാശയ വേദന, പെനൈൽ വീക്കം എന്നിവ ചിലരിൽ പ്രകടമാകുന്നതായി സാംക്രമിക രോഗ വിദഗ്ധനും അമേരി ഹെൽത്ത്, ഏഷ്യൻ മേധാവിയുമായ ഡോ. ചാരു ദത്ത് അറോറ പറയുന്നു.
2022 മേയ് മുതൽ ജൂലൈ വരെയുള്ള പോസിറ്റീവ് രോഗികളുടെ രോഗലക്ഷണങ്ങളും മറ്റ് വിവരങ്ങളുമുള്ള ഡാറ്റ പരിശോധിച്ചു. ‘ഇവരിൽ ഭൂരിഭാഗവും ബൈസെക്ഷ്വൽ അല്ലെങ്കിൽ ഗേ ഓറിയന്റേഷനിൽ നിന്നുള്ളവരാണെന്ന് അറിയേണ്ടത് പ്രധാനമാണ്. അവർ യാതൊരു സംരക്ഷണവുമില്ലാതെ ലൈംഗിക ബന്ധത്തിൽ സജീവമായി ഏർപ്പെട്ടിരുന്നു. അവരിൽ ചിലർക്ക് ടോൺസിലാർ വീക്കവും ഉണ്ടായിരുന്നു..’ – ഡോ അറോറ കൂട്ടിച്ചേർക്കുന്നു.
മങ്കിപോക്സ് ഒരിക്കലും കൊവിഡിനോളം പേടിക്കേണ്ട രോഗമല്ല എന്നതാണ് നിങ്ങൾ ആദ്യം മനസിലാക്കേണ്ടത്. മരണനിരക്കിൻറെ കാര്യമായാലും മറ്റ് രീതിയിൽ നമ്മെ ബാധിക്കുന്ന കാര്യമായാലും കൊവിഡിനോളം ഒരുകാരണവശാലും മങ്കിപോക്സ് എത്തില്ല. അതേസമയം മങ്കിപോക്സിനെതിരായ ജാഗ്രതയും നാം പുലർത്തേണ്ടതുണ്ടെന്നും വിദഗ്ധർ പറയുന്നു.