ദില്ലി: രാജ്യതലസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു. മൗലാന അബ്ദുൾ കലാം ആശുപത്രിയിൽ ചികിത്സയിലുള്ള 31 വയസ്സുള്ള യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വിദേശയാത്ര നടത്തിയിട്ടില്ല എന്നത് ആശങ്കയേറാൻ കാരണമായിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ മങ്കീപോക്സ് ബാധയുണ്ടായിരുന്നത് കേരളത്തിൽ മാത്രമായിരുന്നു. വിദേശത്ത് നിന്നെത്തിയ കൊല്ലം, കണ്ണൂർ,മലപ്പുറം സ്വദേശികൾക്കാണ് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നത്. കേരളത്തിന് പുറത്തും രോഗബാധ റിപ്പോർട്ട് ചെയ്യുകയും വിദേശയാത്ര ചരിത്രം ഇല്ലാത്തയാൾ രോഗബാധിതനാവുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരീക്ഷണവും ജാഗ്രതയും കർശനമാക്കാൻ നിർദേശിച്ചേക്കും.