തിരുവനന്തപുരം∙ പുരാവസ്തുക്കളെന്ന പേരിൽ വ്യാജ സാധനങ്ങൾ കാട്ടി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി മോൻസൻ മാവുങ്കലിനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഐജി ഗോകുലത്ത് ലക്ഷ്മണിനെ വീണ്ടും സസ്പെന്‍ഡ് ചെയ്തേക്കും. മോൻസൻ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്ത ലക്ഷ്മണ മാസങ്ങൾക്കു മുൻപാണ് സർവീസിൽ തിരിച്ചെത്തിയത്. നിലവിൽ പരിശീലനത്തിന്റെ ചുമതലയുള്ള ഐജിയാണ്.
സാമ്പത്തിക തട്ടിപ്പു കേസിൽ മോൻസൻ ഒന്നാം പ്രതിയും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ രണ്ടാം പ്രതിയുമാണ്. ഐജി ജി.ലക്ഷ്മൺ, മുൻ ഡിഐജി എസ്.സുദർശൻ എന്നിവരാണ് മൂന്നും നാലും പ്രതികൾ. വഞ്ചനാ കുറ്റമാണ് എല്ലാവർക്കുമെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രി വിദേശത്തുനിന്നു വന്നാൽ ജി.ലക്ഷ്മണിന്റെ സസ്പെൻഷൻ കാര്യത്തിൽ തീരുമാനമെടുക്കും. ജി.ലക്ഷ്മണയുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഡിജിപി അനിൽകാന്ത് സർക്കാരിനു റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് 2021 നവംബറിൽ സസ്പെൻഡ് ചെയ്തത്.
മോൻസനു വഴിവിട്ട പലസഹായങ്ങളും ഐജി നൽകിയിരുന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മോൻസന്റെ വാട്സാപ് ചാറ്റുകളടക്കം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. മോൻസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസിന്റെ അന്വേഷണം ആലപ്പുഴ സിബ്രാഞ്ചിൽനിന്ന് ചേർത്തല ഇൻസ്പെക്ടർക്കു കൈമാറുന്നതിനു ലക്ഷ്മണ നിർദേശം നൽകിയിരുന്നു. മോൻസന്റെ ആവശ്യപ്രകാരമായിരുന്നു ഇത്.
ട്രാഫിക് ഐജിയായിരുന്ന ലക്ഷ്മണയുടെ അധികാരപരിധിയിൽ ഉൾപ്പെടാത്ത കേസിലായിരുന്നു ഇടപെടൽ. പിന്നീട് എഡിജിപി മനോജ് എബ്രഹാം ഇതു റദ്ദാക്കുകയും ഐജിയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. സർക്കാർ നിയോഗിച്ച അന്വേഷണ സമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ 2023 ഫെബ്രുവരിയിൽ സർവീസിൽ തിരിച്ചെടുത്തു. വകുപ്പുതല നടപടികള്‍ പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് തിരിച്ചെടുത്തത് എന്നായിരുന്നു വിശദീകരണം. 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് തെലങ്കാന സ്വദേശിയായ ലക്ഷ്മൺ.