കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതടക്കം പീഡനക്കേസുകളിലെ ജാമ്യഹരജികൾ കോടതിമുറിയിൽ നേരിട്ട് വാദിക്കാൻ അവസരം നൽകണമെന്ന് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ. ചൊവ്വാഴ്ച ഓൺലൈനിൽ കേസ് പരിഗണിക്കവെയാണ് അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്. തുടർന്ന് ഹരജികൾ ഫെബ്രുവരി 22ന് പരിഗണിക്കാൻ ജസ്റ്റിസ് പി. ഗോപിനാഥ് മാറ്റി.
വ്യാജ പുരാവസ്തുക്കളുടെ പേരിൽ വൻ തട്ടിപ്പ് നടത്തിയ കേസിലടക്കം പ്രതിയായ ഇയാൾ , ജീവനക്കാരിയുടെ മകൾക്ക് വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് ഒരു പരാതി. മറ്റൊരു യുവതിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ്. 2021 സെപ്റ്റംബർ 25ന് അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മോൻസൺ രണ്ട് കേസിലും നൽകിയ ജാമ്യഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇവ കെട്ടിച്ചമച്ചതാണെന്നും പീഡനക്കേസുകളിൽ അന്തിമ റിപ്പോർട്ട് നൽകിയതിനാൽ കസ്റ്റഡിയിൽ തുടരേണ്ടതില്ലെന്നുമാണ് ഹരജിയിലെ വാദം.