തിരുവനന്തപുരം: മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനത്തിന് അര്‍ഹരായ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഇന്ന് 10 കോടിയുടെ ഒന്നാം സമ്മാനത്തുക കൈമാറും. ഭാഗ്യക്കുറി നറുക്കെടുപ്പ് വേദിയായ തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ രാവിലെ 9.30ന് നടക്കുന്ന പരിപാടിയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തുക കൈമാറും. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മന്ത്രി എം ബി രാജേഷ് മുഖ്യാതിഥിയായിരിക്കും.
മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ കൂട്ടായി എടുത്ത ടിക്കറ്റിനാണ് ഇത്തവണ മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം അടിച്ചത്. MB 200261 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 250 രൂപയായിരുന്നു ബമ്പര്‍ ടിക്കറ്റ് വില. 25 രൂപ വീതം ഒമ്പത് വനിതകളും ബാക്കി രണ്ട് പേര്‍ ബാക്കി തുകയും കൊടുത്താണ് ടിക്കറ്റ് സ്വന്തമാക്കിയത്. എത്ര തുക കിട്ടിയാലും തുല്യമായി വീതിക്കുമെന്ന് ഇവര്‍ മുന്‍പ് തന്നെ അറിയിച്ചിരുന്നു. നികുതിയും ഏജന്റ് കമ്മീഷനും കഴിച്ച് ഏകദേശം 6 കോടി 16 ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിക്കുക.
ഹരിതകര്‍മ്മ സേന അംഗങ്ങളായ ഇവര്‍ അനുഭവിക്കുന്ന കഷ്ടപാടുകളും പ്രതികരണങ്ങളും സഹിതം അന്തര്‍ദേശീയമാധ്യമങ്ങളിലും ഭാഗ്യം തേടിയെത്തിയ വാര്‍ത്തകള്‍ വന്നിരുന്നു. ഭാഗ്യദേവത തുണച്ചെങ്കിലും തങ്ങളുടെ ജോലി വേണ്ടെന്ന് വയ്ക്കില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. വീട് നിര്‍മാണം, കടം വീട്ടല്‍, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, കുടുംബത്തിലുള്ളവരുടെ ചികിത്സ തുടങ്ങി ഒരുപാട് ആവശ്യങ്ങളും തങ്ങള്‍ക്കുണ്ടെന്ന് ഇവര്‍ പറഞ്ഞിരുന്നു.