തിരുവനന്തപുരം: സമീപകാല കാലാവസ്ഥാ മാറ്റങ്ങളുടെ സാഹചര്യത്തിൽ ഏറെ ജാഗ്രത വേണ്ട കാലവർഷമാണ് അടുത്ത മാസം കേരളത്തെ കാത്തിരിക്കുന്നത്. ഇത്തവണ കാലവർഷത്തിന് അനുകൂലമായ സാഹചര്യം നേരത്തെ ഒരുങ്ങിയേക്കുമെന്ന് വിദഗ്ധർ പറയുന്നു. സാധാരണ കിട്ടുന്ന മഴയ്ക്ക് മാത്രമേ സാധ്യതയുള്ളൂ എങ്കിലും മുൻവർഷങ്ങളേക്കാൾ കടലാക്രമണം രൂക്ഷമായേക്കും.മഹാപ്രളയം മുതലിങ്ങോട്ട് മലയാളിക്ക് മഴയെന്നാൽ ഭയത്തിന്റെ കാലം. ജൂൺ ഒന്നിന് തുടങ്ങി സെപ്തംബർ 30 വരെ നീളും സാധാരണ കാലവർഷം. കഴിഞ്ഞ കാലവർഷത്തിൽ കിട്ടിയത് ശരാശരിയേക്കാൾ 16% കുറവ് മഴ. 2020ൽ സാധാരണ മഴ. മഹാപ്രളയമുണ്ടായ 2018ൽ 20 ശതമാനം. അധികം മഴയാണ് കാലവർഷക്കാലത്ത് കേരളത്തിന് കിട്ടിയത്. ഇത്തവണ ഐഎംഡി പ്രവചിക്കുന്നത് ശരാശരി മഴയാണ്.
സാധാരണയിൽ കുറവ് മഴയ്ക്ക് സാധ്യതയുണ്ടെന്നും ചില കാലാവസ്ഥ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. മഴയുടെ അളവ് എങ്ങനെ ആയാലും, ഏറെ ജാഗ്രത വേണ്ട കാലമായിരിക്കും ഇത്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യിക്കുന്ന ക്യൂമുലോനിംബസ് മേഘങ്ങൾ കൂടുതലാകുന്നതാണ് സമീപകാലത്തെ അനുഭവങ്ങൾ. ഒറ്റദിവസം കൊണ്ട് ഉണ്ടാകുന്ന പ്രളയങ്ങളെ കാലവർഷക്കാലത്തും കരുതിയിരിക്കണം.
തുടരെ തുടരെയുണ്ടാകുന്ന ന്യൂനമർദ്ദങ്ങൾ ഉയരമേറിയ തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യത കൂട്ടും. പസഫിക് സമുദ്രത്തിൽ തുടരുന്ന ലാനിന പ്രതിഭാസം ചുഴലിക്കാറ്റ് രൂപപ്പെടാൻ അനുകൂലമാണ്.
ഉത്തരേന്ത്യയിലെ കടുത്ത ചൂട് , ബംഗാൾ ഉൾക്കടൽ ,പസഫിക് സമുദ്രം എന്നിവിടങ്ങളിലെ മാറ്റങ്ങൾ, ഭൂമധ്യരേഖ കടന്ന് വരുന്ന തെക്ക് പടിഞ്ഞാറൻ കാറ്റിൻ്റെ തിരിവ് എല്ലാം സൂചിപ്പിക്കുന്നത് മെയ് അവസാന വാരം തന്നെ മഴ കേരളത്തിൽ സജീവമായേക്കും എന്നാണ്.
മൺസൂൺ തുടങ്ങിയതായി ഔദ്യോഗികമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും മഴ നേരത്തേ
തുടങ്ങാനാണ് സാധ്യത. പ്രവചനാതീതമായ കേരളത്തിന്റെ സമീപകാല കാലാവസ്ഥ നോക്കിയാൽ കാലവർഷത്തെ നേരിടാൻ മുന്നൊരുക്കങ്ങൾ ഇപ്പോഴേ തുടങ്ങണമെന്ന് ചുരുക്കം.