കാസർകോട്: ഏതാനും ദിവസമായി ജില്ലയിൽ തിമിർത്തു പെയ്ത മഴക്ക് വെള്ളിയാഴ്ച ജില്ലയിൽ ശക്തി കുറഞ്ഞു. മഴകുറഞ്ഞു തുടങ്ങിയെങ്കിലും പലയിടത്തും കയറിയ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടില്ല. പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. കടലാക്രമണ ഭീഷണിയും നിലനിൽക്കുന്നുണ്ട്. എങ്കിലും ഭീദിതമായ അവസ്ഥക്ക് നേരിയ ആശ്വാസം കണ്ടുതുടങ്ങിയിട്ടുണ്ട്.
തീരദേശപ്രദേശത്തുള്ളവര്‍ക്ക് അധികൃതർ നൽകിയ ജാഗ്രത നിര്‍ദ്ദേശം തുടരുന്നുണ്ട്. മഞ്ചേശ്വരം, ഉപ്പള, മൊഗ്രാല്‍, നീലേശ്വരം, കാര്യങ്കോട് പുഴകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കരകവിഞ്ഞൊഴുകിയത്. അടിയന്തിര സഹായത്തിന് കലക്ടറേറ്റിലെയും താലൂക്കിലെയും കണ്ട്രോള് റൂമില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ഒരുമാസം നിരാശപ്പെടുത്തിയ കാലവർഷം ഒരാഴ്ചകൊണ്ട് പരിഹരിക്കുന്ന നിലയിലാണ് ജില്ലക്ക് മഴ ലഭിച്ചു. ജൂൺ 30 വരെയുള്ള കാലയളവിൽ ജില്ലക്ക് ലഭിക്കേണ്ട മഴയിൽ 60 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴയോടെ കുറവ് 23 ശതമാനത്തിലേക്ക് എത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജില്ലയിൽ നേരത്തെ പ്രഖ്യാപിച്ച മഞ്ഞ അലെർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച ഓറഞ്ച് അലെർട്ട് ആക്കി മാറ്റി ഒറ്റപ്പെട്ടയിടങ്ങളിൽ അതി ശക്തമായ മഴക്ക് സാധ്യതയാണ് പ്രവചിച്ചിരുന്നത്.
വെള്ളരിക്കുണ്ട് താലൂക്കിലെ കിനാനൂർ ജി.എൽ.പി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് വെള്ളമിറങ്ങിയതിനെ തുടർന്ന് ഒഴിവാക്കി. ക്യാമ്പിലുള്ളവരെ അവരുടെ വീട്ടിലേക്ക് തന്നെ മാറ്റുകയും ക്യാമ്പ് പിരിച്ചുവിടുകയും ചെയ്തതായി വെള്ളരിക്കുണ്ട് തഹസിൽദാർ അറിയിച്ചു.
മഴയിൽ 22.59 ലക്ഷം രൂപയുടെ കൃഷിനാശം
കാസർകോട്: കാലവര്‍ഷക്കെടുതിയില്‍ ജൂലൈ ആറ്, ഏഴ് തീയതികളില്‍ ജില്ലയില്‍ 2.63 ഹെക്ടര്‍ കൃഷി നശിച്ചു. 209 കര്‍ഷകര്‍ക്കായി 22.59 ലക്ഷം രൂപയുടെ കൃഷി നാശമുണ്ടായി. 22 കര്‍ഷകരുടെ ടാപ്പ് ചെയ്യുന്ന 200 റബര്‍ നശിച്ചു. നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 49 കര്‍ഷകരുടെ 202 തെങ്ങുകള്‍ നശിച്ചു. 10.10 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. 84 അടയ്ക്കാ കര്‍ഷകരുടെ 1058 കവുങ്ങുകള്‍ നശിച്ചു.
3.13 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. കുരുമുളക് കൃഷി ചെയ്യുന്ന 13 കര്‍ഷകരുടെ 270 എണ്ണം കുരുമുളക് തൈകള്‍ നശിച്ചു. 2.03 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. കൂടാതെ 41 കര്‍ഷകരുടെ കുലക്കാത്ത രണ്ട് വാഴകളും, കുലച്ച 553 വാഴകളുമാണ് നശിച്ചത്. 3.33 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. മഞ്ചേശ്വരം ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായത്. 103 കര്‍ഷകരുടെ 1.20 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു.
9.23 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കാറഡുക്ക ബ്ലോക്കിലെ 80 കര്‍ഷകരുടെ കൃഷി നശിച്ചു. 7.35 രൂപ നഷ്ടം കണക്കാക്കുന്നു. കാഞ്ഞങ്ങാട് ബ്ലോക്കിലെ 18 കര്‍ഷകരുടെ 0.60 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. 5.75 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി. കാസര്‍കോട് ബ്ലോക്കിലെ എട്ടുകര്ഷകരുടെ കൃഷി നശിച്ചു. 0.25 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചു.