അബുദാബി : യുഎഇയിലെ സര്‍ക്കാര്‍ മന്ത്രാലയങ്ങൾക്കും ഫെഡറൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുള്ള റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം യുഎഇ സർക്കാർ പ്രഖ്യാപിച്ചു. ഇതനുസരിച്ച് റമദാനില്‍ ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒന്‍പത് മണി മുതൽ ഉച്ചയ്ക്ക് ശേഷം 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും ആയിരിക്കും. വെള്ളിയാഴ്ചകളില്‍ താമസ സ്ഥലങ്ങളില്‍ ഇരുന്ന് ജോലി ചെയ്യുന്നതിനുള്ള ഫ്ലെക്സിബിൾ, റിമോട്ട് വര്‍ക്കിങ് രീതികള്‍ അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ഇത്. ആകെ ജീവനക്കാരുടെ 40 ശതമാനം പേർക്ക് ഇങ്ങനെ താമസ സ്ഥലങ്ങളില്‍ നിന്ന് ജോലി ചെയ്യാനുള്ള അനുമതി ലഭിക്കും.
വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ അവര്‍ പൂര്‍ത്തിയാക്കേണ്ട നിശ്ചിത ജോലികള്‍ ചെയ്ത് തീര്‍ത്തിരിക്കണം. ഇത്തരത്തില്‍ അനുമതി നല്കാവുന്ന ജോലികള്‍ ഏതൊക്കെയാണെന്നും അവയില്‍ തന്നെ എന്തൊക്കെ ചുമതലകളാണ് ഇത്തരത്തില്‍ നിറവേറ്റാനാവുന്നതെന്നും അധികൃതര്‍ കണ്ടെത്തും.