മലപ്പുറം: സദാചാര പോലീസ് ചമഞ്ഞെത്തി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥിനിയും സഹോദരനും സംസാരിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ഇത് ചോദ്യം ചെയ്തവരെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയില്‍ സി.പി.എം പ്രാദേശിക നേതാവ് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. സി.പി.എം എടവണ്ണ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം. ജാഫര്‍, സി.പി.എം പഞ്ചായത്ത് അംഗം ജസീല്‍, പി.കെ. മുഹമ്മദലി, പി.അബ്ദുല്‍ കരീം, കെ. അബ്ദുല്‍ ഗഫൂര്‍ എന്നിവരെയാണ് എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ വ്യാഴാഴ്ച എടവണ്ണ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം.
സ്റ്റാന്‍ഡില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനിയെയും സഹോദരനെയും പ്രതികള്‍ അപമാനിക്കുകയും ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പരാതി. ഇത് ചോദ്യംചെയ്ത സഹോദരനെയും സുഹൃത്തുക്കളെയും പ്രതികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ‘വിദ്യാര്‍ഥികള്‍ക്ക് ഒരു മുന്നറിയിപ്പ്’ എന്ന തലക്കെട്ടില്‍ ജനകീയ കൂട്ടായ്മയുടെ പേരില്‍ ഫ്ലക്സ് സ്ഥാപിക്കുകയും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. പരിസര ബോധമില്ലാതെ സ്നേഹപ്രകടനം ഇവിടെ വേണ്ടെന്നും അഞ്ചുമണിക്കുശേഷം വിദ്യാര്‍ഥികളെ കാണാനിടയായാല്‍ നാട്ടുകാര്‍ കൈകാര്യംചെയ്ത് രക്ഷിതാക്കളെ വിളിച്ചുവരുത്തുമെന്നുമായിരുന്നു ഇതിലെ മുന്നറിയിപ്പ്. ഈ ബോര്‍ഡിനെതിരെ എടവണ്ണ പോലീസില്‍ പരാതിയും എത്തിയിരുന്നു.