ചേര്‍പ്പ്: തൃശ്ശൂർ ചേർപ്പിലെ സദാചാര കൊലപാതകത്തിൽ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. സംഭവം നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുന്നത്. ചിറയ്ക്കൽ കോട്ടം നിവാസികളായ കൊടക്കാട്ടിൽ വിജിത്ത്, വിഷ്ണു, ഡിനോണ്‍, അമീർ, അരുണ്‍, രാഹുൽ, അഭിലാഷ്, ഗിഞ്ചു എന്നിവരുടെ പേരിലാണ് ലുക്കൗട്ട് നോട്ടീസ്. ഏഴുപേര്‍ പ്രദേശത്തെ താമസക്കാരാണ്. ഒരാൾ മൂർക്കനാട് സ്വദേശിയും. വിദേശത്തേക്ക് കടന്ന മുഖ്യപ്രതി രാഹുലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്.
അതേസമയം കൊലപാതകം നടന്ന് മൂന്ന് ആഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാകാത്തതിൽ സഹറിന്‍റെ ബന്ധുക്കൾ അമർഷം മറച്ചുവയ്ക്കുന്നില്ല. പ്രതികളെ രക്ഷിക്കാൻ ചേർപ്പ് പൊലീസ് സഹായിച്ചുവെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. പ്രതികൾക്ക് നാടുകടക്കാൻ സാമ്പത്തിക സഹായം നൽകിയ രണ്ടുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി പതിനെട്ടിനാണ് വനിത സുഹൃത്തിനെ കാണാനെത്തിയ ബസ് ഡ്രൈവറായ സഹറിനെ എട്ട് യുവാക്കൾ ചേർന്ന് മർദ്ദിച്ചത്. ചികിത്സയിലിരിക്കെ മാർച്ച് ഏഴിനാണ് സഹർ മരിച്ചത്.