പാലക്കാട്: ആൺകുട്ടികളും പെൺകുട്ടികളും ബസ് സ്റ്റോപ്പിൽ ഒരുമിച്ച് ഇരുന്നതിന്റെ പേരിൽ സ്കൂൾ വിദ്യാർഥികൾക്കുനേരെയുണ്ടായ ആക്രമണത്തിൽ മൂന്നു പേരെക്കൂടി കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പനയംപാടം അങ്ങാടിക്കാട് സ്വദേശികളായ എ.എ. ഷമീർ, അക്ബറലി, എ.എ.ഷമീർ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഇതോടെ, വിദ്യാർഥികളെ കയ്യേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനും ഇതുവരെ അഞ്ച് പേർ അറസ്റ്റിലായി.
അഞ്ച് വിദ്യാർഥികളാണ് മർദനമേറ്റതായി പരാതി നൽകിയത്. സംഭവത്തിൽ സിഡബ്ല്യുസി ജില്ലാ ശിശുസംരക്ഷണ ഓഫിസറോടും കല്ലടിക്കോട് പൊലീസിനോടും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും. ഒരുമിച്ചിരുന്നതിന്റെ പേരിൽ വിദ്യാർഥികൾക്ക് മർദനമേറ്റ സംഭവം ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സമിതി അധികൃതർ പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് സ്കൂൾ വിട്ട ശേഷം ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന വിദ്യാർഥികൾക്കു നേരെയാണ് സദാചാര ആക്രമണം ഉണ്ടായത്. ആൺകുട്ടികളും പെൺകുട്ടികളും അടുത്തടുത്ത് ഇരുന്നതിനെ ചോദ്യം ചെയ്യുകയും അസഭ്യം പറഞ്ഞ് ആൺകുട്ടികളെ ആക്രമിച്ചെന്നുമാണ് പരാതി.