അഹമ്മദാബാദ്∙ ഗുജറാത്തിലെ മോർബിയിൽ തകർന്നവീണ തൂക്കുപാലം ഏഴു മാസം അടച്ചിട്ട് നവീകരിച്ചെങ്കിലും പല കേബിളുകളും മാറ്റിയിരുന്നില്ലെന്ന് റിപ്പോർട്ട്. പാലത്തിന്റെ നവീകരണത്തിന് ടെൻഡർ വിളിച്ചിരുന്നില്ലെന്നും സൂചനയുണ്ട്. മോർബി മുനിസിപ്പാലിറ്റി ഒറേവ എന്ന ഗുജറാത്ത് കമ്പനിക്ക് പാലം നവീകരിക്കാനുള്ള കരാർ നൽകിയത് ടെൻഡർ ക്ഷണിക്കാതെയാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. കൊടിയ അനാസ്ഥയുടെ കഥകളാണ് പുറത്തുവരുന്നത്. ഞായറാഴ്ച വൈകിട്ടാണ് മച്ചു നദിക്കു മുകളിലെ, ബ്രിട്ടിഷ് കാലത്തു നിർമിച്ച, 140 വർഷം പഴക്കമുള്ള പാലം തകർന്നു വീണത്. സംഭവത്തിൽ 47 കുട്ടികൾ ഉൾപ്പെടെ 130 പേർ മരിച്ചിരുന്നു.
കയറാവുന്നതിലും അധികം ആളുകളെ കയറ്റിയതിനാലാണ് പാലം തകർന്നതെന്നാണ് ഫൊറൻസിക് സംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തിയത്. പാലത്തിന്റെ മെറ്റൽ സാംപിളുകൾ ശേഖരിച്ചു നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ വെളിപ്പെട്ടത്. കൂടുതൽ ആളുകൾ എത്തിയപ്പോൾ അത് പാലത്തിന്റെ ഉറപ്പിനെ ബാധിച്ചു.
അതേസമയം, പാലം പണി കഴിഞ്ഞ് തുറന്നുകൊടുക്കുന്നതിനെക്കുറിച്ച് ഒറേവ കമ്പനിക്കാർ അറിയിച്ചിരുന്നില്ലെന്ന് മുനിസിപ്പാലിറ്റി അധ്യക്ഷൻ സന്ദീപ്സിൻഹ് സാല പറഞ്ഞു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഒറേവ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഒറേവ കമ്പനിക്കാർ പാലത്തിന്റെ സാങ്കേതിക നവീകരണം ദേവ്പ്രകാശ് സൊലൂഷൻസ് എന്ന ചെറിയ നിർമാണ കമ്പനിക്ക് കൈമാറിയിരുന്നെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
രണ്ടുകോടി രൂപയ്ക്ക് 100% പണികളും തീർത്തുവെന്നാണ് കഴിഞ്ഞയാഴ്ച പാലം തുറന്നുകൊടുക്കവെ ഒറേവ കമ്പനിയുടെ എംഡി ജയ്സുഖ്ഭായ് പട്ടേൽ പറഞ്ഞത്. പാലം തകർന്ന സംഭവത്തിൽ ഇതുവരെ 9 പേർ അറസ്റ്റിലായി. രാത്രിയായതോടെ മച്ചു നദിയിലെ തിരച്ചിൽ അവസാനിപ്പിച്ചു. ഇനി ചൊവ്വാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കും.