ഷാര്‍ജ: ഇന്ത്യക്കാരനായ 36 വയസുകാരന്‍ ഭാര്യയെയും രണ്ട് മക്കളെയും കൊന്നശേഷം ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഷാര്‍ജ പൊലീസ്. ഷാര്‍ജയിലെ ബുഹൈറ ഏരിയയിലുള്ള അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ പതിനൊന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയാണ് യുവാവ് ജീവനൊടുക്കിയത്. അതിന് മുമ്പ് തന്നെ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും ഇയാള്‍ കൊലപ്പെടുത്തിയിരുന്നു.
കെട്ടിടത്തിന് മുകളില്‍ നിന്ന് ഒരാള്‍ ചാടിയെന്ന വിവരം ലഭിച്ചതനുസരിച്ചാണ് പൊലീസ് സംഘവും ആംബുലന്‍സും സ്ഥലത്തെത്തിയത്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയെയും രണ്ട് മക്കളെയും കൊന്നിട്ടുണ്ടെന്ന വിവരം ഇയാളുടെ വസ്ത്രത്തില്‍ നിന്ന് കിട്ടിയ കുറിപ്പിലാണുണ്ടായിരുന്നത്. അപ്പാര്‍ട്ട്മെന്റിനുള്ളില്‍ ഇവര്‍ മരിച്ചുകിടപ്പുണ്ട് എന്നായിരുന്നു അതിലുണ്ടായിരുന്നത്. ഭാര്യയെയും നാലും എട്ടും വയസുള്ള പെണ്‍കുട്ടികളെയും ശ്വാസം മുട്ടിച്ച് കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം കണ്ടെത്തുന്നതിനുള്ള പോസ്റ്റ്മോര്‍ട്ടം പരിശോധനാ ഫലം ലഭിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി, യുവാവ് ജോലി ചെയ്‍തിരുന്ന കമ്പനിയുടെ മാനേജറെയും കൊല്ലപ്പെട്ട യുവതിയുടെ സുഹൃത്തിനെയും പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. ദുബൈയിലെ അറിയപ്പെടുന്ന ഒരു ഇലക്ട്രോണിക്സ് കമ്പനിയുടെ ഡയറക്ടറായിരുന്നു ആത്മഹത്യ ചെയ്‍ത യുവാവെന്ന് പൊലീസ് വെളിപ്പെടുത്തി. മാന്യമായ ജീവിത സാഹചര്യങ്ങളുണ്ടായിരുന്ന കുടുംബത്തിനെ സാമ്പത്തിക പ്രതിസന്ധികളൊന്നും അലട്ടിയിരുന്നില്ല. നല്ല ശമ്പളമുണ്ടായിരുന്ന യുവാവ് കുടുംബത്തെ നല്ല രീതിയില്‍ പരിചരിക്കുകയും ചെയ്‍തിരുന്നു. ആറ് മാസമായി ഈ അപ്പാര്‍ട്ട്മെന്റില്‍ ഇവരുടെ കുടുംബം താമസിച്ചുവരുന്നുവെന്ന് മറ്റ് താമസക്കാര്‍ പറഞ്ഞു.
ഇന്ത്യയിലുള്ള യുവാവിന്റെ ബന്ധുക്കളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് ഇയാളുടെ ഒരു സഹോദരന്‍ അടുത്ത ദിവസം യുഎഇയിലെത്തും. യുവാവിനെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പൊലീസിന്റെ പക്കലില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് ഭാര്യയെയും രണ്ട് മക്കളെയും കൊന്നുവെന്ന് എഴുതിയിരുന്ന കുറിപ്പ് പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി വാങ്ങി വീട് പരിശോധിക്കുകയായിരുന്നു.
അപ്പാര്‍ട്ട്മെന്റിനുള്ളില്‍ നിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തുവെങ്കിലും എന്തെങ്കിലും ബഹളങ്ങളോ പിടിവലിയോ നടന്നതിന്റെയോ ഭാര്യയും മക്കളും ചെറുത്ത് നിന്നതിന്റെയോ ലക്ഷണങ്ങളുണ്ടായിരുന്നില്ല. മൂര്‍ച്ചയുള്ള ആയുധങ്ങളും ഒന്നും ഉപയോഗിച്ചിട്ടില്ല. വിഷം കൊടുത്തോ അല്ലെങ്കില്‍ ശ്വാസം മുട്ടിച്ചോ കൊന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.