കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് സമീപിച്ചെന്ന് സ്വപ്നാ സുരേഷ് ആരോപണമുന്നയിച്ച ഇടനിലക്കാരൻ കണ്ണൂർ സ്വദേശി വിജേഷ് പിള്ളയെ (വിജയ് പിളളയെന്നാണ് പരിചയപ്പെടുത്തിയതെന്നാണ് സ്വപ്ന ഫേസ് ബുക്ക് ലൈവിൽ പറയുന്നത്) കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കൊച്ചിയിൽ പ്രവർത്തിച്ച ഡബ്ല്യു ജി എൻ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമയായിരുന്നു വിജേഷ് പിള്ളയെന്നാണ് പുറത്ത് വരുന്ന വിവരം.
ഓഫീസ് തുറക്കാൻ 2017 ലാണ് വിജേഷ് പിള്ള തന്നെ സമീപിച്ചതെന്ന് കൊച്ചിയിലെ ഇയാളുടെ സ്ഥാപനം പ്രവര്‍ത്തിച്ച കെട്ടിടത്തിന്റെ ഉടമ ജാക്സൺ മാത്യു വ്യക്തമാക്കി. 2017 ലാണ് ഡബ്ല്യു ജി എൻ എന്ന പേരിൽ വിജേഷ് പിള്ള സ്ഥാപനം നടത്തിയത്. പോയിന്റ് ബേസ്ഡ് കാര്‍ഡ് ബിസിനസ് എന്നാണ് വിജേഷ് പിള്ള പറഞ്ഞത്. ധാരാളം പേരെ റിക്രൂട്ട് ചെയ്യും എന്നാണ് വിജേഷ് അന്ന് പറഞ്ഞിരുന്നത്. കെട്ടിടത്തിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് ആയിരുന്നു. എന്നാൽ ആറ് മാസത്തിനുള്ളിൽ ഓഫീസ് പൂട്ടി. ഒരു ലക്ഷത്തോളം രൂപ വാടക കുടിശ്ശിക ഇനത്തിലുണ്ടെന്നും ജാക്സൺ മാത്യു വ്യക്തമാക്കി.
സ്ഥാപനം പൂട്ടിയ ശേഷം വാടകക്ക് വേണ്ടി പല തവണ ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. കഴിഞ്ഞ തിങ്കളാഴ്ച വിജേഷിനെ തേടി ഇ ഡി ഉദ്യോഗസ്ഥര്‍ വന്നിരുന്നു. ഇന്ന് സ്വപ്ന സുരേഷ് നടത്തിയ എഫ് ബി ലൈവിന് ശേഷം സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും സിഐ വിളിച്ചുവെന്നും കെട്ടിട ഉടമ ജാക്സൺ മാത്യു വ്യക്തമാക്കി.
മുഖ്യമന്ത്രിയേയും പാർടിയേയും പ്രതിക്കൂട്ടിലാക്കിയാണ് സ്വർണക്കളളക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തൽ. കേസിൽ നിന്ന് പിൻമാറണമെന്നും മുഴുവൻ രേഖകളും കൈമാറണമെന്നും ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശിയായ വിജേഷ് പിളള എന്ന വിജയ് പിളള തന്നെ സമീപിച്ചെന്നാണ് സ്വപ്നയുടെ ആരോപണം.സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗേവിന്ദൻ പറഞ്ഞിട്ടാണ് വന്നതെന്നും 30 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തെന്നുമായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ.