ന്യൂഡൽഹി: ജീവിതത്തിൽ ഏത് വേഷവും സ്ത്രീകളിൽ ഭദ്രമാണെങ്കിലും ജഡ്ജിയാകുക എന്നത് ഏറെ വിഷമം പിടിച്ച ഒന്നാണെന്ന് അടുത്തിടെ ഡൽഹി ഹൈകോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് മുക്ത ഗുപ്ത. നിരവധി ക്രിമിനൽ, സിവിൽ, വാണിജ്യപരമായ കേസുകൾ വാദിച്ച വ്യക്തിയാണ് മുക്ത ഗുപ്ത.
ജസീക്ക ലാൽ വധക്കേസ്, നൈന സാഹ്നി വധം, 2001ലെ പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട കേസുകൾ തുടങ്ങി നിരവധി തന്ത്രപ്രധാന സംഭവങ്ങളിൽ അഭിഭാഷകയായി അവർ ഹൈകോടതിയിലും സുപ്രീംകോടതിയിലും ഹാജരായി. 2009ലാണ് അവർ ജഡ്ജിയായി ചുമതലയേറ്റത്. ഡൽഹി ഹൈകോടതിയിൽ 14 വർഷം സേവനമനുഷ്ഠിച്ചു. തന്റെ കാലയളവിൽ 20-30 ശതമാനം ജഡ്ജിമാർ മാത്രമായിരുന്നു സ്ത്രീകളെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ കൂടുതൽ സ്ത്രീകൾ അഭിഭാഷക വൃത്തിയിൽ ചേരുന്നതോടെ വനിത ജഡ്ജിമാരുടെ എണ്ണം വർധിക്കും. കരിയറിന്റെ തുടക്കത്തിൽ സെൻസിറ്റീവ് കേസുകളാണ് ഏറ്റെടുത്തിരുന്നത്. ആളുകളുടെ അഭിപ്രായം തന്നെ ബാധിച്ചിരുന്നില്ലെന്നും അവർ വ്യക്തമക്കി.
ഒരു സ്ത്രീക്ക് ജഡ്ജിയാകുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്. കാരണം മറ്റ് പ്രതിബദ്ധതകൾ കൈവിട്ടുപോകില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനാൽ, ഒരു സ്ത്രീ എന്ന നിലയിൽ, നിങ്ങൾ എല്ലായ്പ്പോഴും മറ്റ് പ്രതിബദ്ധതകൾക്കും കുടുംബ ജീവിതത്തിനും പ്രഫഷനൽ ജീവിതത്തിനും ഇടയിലുള്ള സന്തുലിതാവസ്ഥക്കായി സമയം ലാഭിക്കാൻ നോക്കുന്നു… ജോലി സമ്മർദങ്ങൾ ധാരാളം ഉണ്ട്, പക്ഷേ സമയം കൃത്യമായി ഭാഗിക്കൽ പ്രധാനമാണെന്നും അവർ പറയുന്നു.
ഡൽഹി ലീഗൽ സർവീസസ് അതോറിറ്റിയിലെ അംഗം കൂടിയായിരുന്ന മുക്ത ഗുപ്ത നിരാലംബരായ സ്ത്രീകൾ, പ്രായപൂർത്തിയാകാത്തവർ, തടവുകാർ എന്നിവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിപാടികളുമായി ബന്ധപ്പെട്ടിരുന്നു. 1983ലാണ് കാമ്പസ് ലോ സെന്ററിൽ നിന്ന് അവർ എൽ.എൽ.ബിയെടുത്തത്. പിന്നീട് ഡൽഹി ബാർ കൗൺസിലിൽ എൻറോൾ ചെയ്തു.