ലോകജനത ഇന്നോളം സാക്ഷ്യം വഹിച്ചിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് പ്രകൃതി കടന്നുപോകുന്നത്. ഇതിന്റെ ഫലമായി മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധം നിരവധി ജീവിവര്‍ഗങ്ങളാണ് ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. ഇതര ജീവികളുടെ ആവാസ വ്യവസ്ഥകള്‍ കയ്യേറുക, പ്രകൃതിയെ മലിനമാക്കുക, ആഗോളതാപനത്തിന് ആക്കം കൂട്ടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിങ്ങനെയാണ് മനുഷ്യര്‍ ഈ വംശനാശ പ്രതിസന്ധി ക്ഷണിച്ചു വരുത്തുന്നത് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഒരു ജന്തുജാലം ഭൂമിയില്‍ നിന്നും അപ്രത്യക്ഷമാകുമ്പോള്‍ അതോടൊപ്പം അപ്രത്യക്ഷമാവുന്നത് പ്രകൃതി ഇതുവരെ ശീലിച്ചു പോന്ന ചില സ്വഭാവസവിശേഷതകള്‍ കൂടിയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് പരിണമിച്ച് വന്നവയാണ് ഇത്തരം സ്വഭാവ സവിശേഷതകള്‍. പെട്ടെന്ന് ഈ ജന്തുജാലങ്ങള്‍ ഇല്ലാതാകുമ്പോള്‍ അത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കും. ഇത് പ്രകൃതിക്ക് ഉണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ല.
സസ്യങ്ങളില്‍ പരാഗണം നടത്തുന്നതിലും, മണ്ണില്‍ പോഷകങ്ങള്‍ കലര്‍ത്തുന്നതിലും മറ്റു ജീവജാലങ്ങളെ നിയന്ത്രിക്കുന്നതിലും അടക്കം നമ്മള്‍ വിചാരിക്കുന്നതിലും അധികം കാര്യങ്ങള്‍ ഒരു ജീവി അതിന്റെ ആ വാസ വ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ട് ചെയ്യുന്നുണ്ട്. ആവാസവ്യവസ്ഥയ്ക്കുള്ളില്‍ ആ ജീവിവര്‍ഗം വഹിച്ച പങ്ക് എന്തുതന്നെയായാലും ആ ജീവിവര്‍ഗത്തിന്റെ തിരോധാനത്തോടെ അവയെല്ലാം പൂര്‍ണമായി ഇല്ലാതാവുകയാണ് ചെയ്യുന്നത്.
പ്രകൃതിയുടെയും വന്യജീവികളുടെയും അവസ്ഥയെക്കുറിച്ചുള്ള ആഗോള ശാസ്ത്ര അതോറിറ്റിയായ രേഖകളില്‍ പറയുന്നത് 1500 കാലഘട്ടം മുതലുള്ള കണക്കുകള്‍ പ്രകാരം 881 ജന്തുജാലങ്ങള്‍ വംശനാശം സംഭവിച്ചതായാണ് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ (IUCN) രേഖകളില്‍ പറയുന്നത്. കണക്കില്‍ പെടാത്ത മറ്റനേകം ജീവജാലങ്ങള്‍ സമാനമായ രീതിയില്‍ വേറെയും ഇല്ലാതായിട്ടുണ്ടാവാം എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മനുഷ്യന്റെ പലതരത്തിലുള്ള ഇടപെടല്‍ കാരണം വംശനാശഭീഷണിയുടെ മുനമ്പിലേക്ക് നടന്നടുക്കുന്നത് ആയിരക്കണക്കിന് പുതിയ ഇനങ്ങളാണെന്നും ശാസ്ത്രജ്ര്‍ സൂചിപ്പിക്കുന്നു.
1600-കളുടെ അവസാനത്തില്‍ മൗറീഷ്യസ് ദ്വീപില്‍ കൊന്നൊടുക്കപ്പെട്ട ഡോഡോ പക്ഷിയെപ്പോലുള്ള നൂറുകണക്കിന് ജീവജാലങ്ങള്‍ കഴിഞ്ഞ അഞ്ച് നൂറ്റാണ്ടുകളില്‍ ലോകമെമ്പാടും നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. ഇതിന് വലിയൊരു പരിധിവരെ കാരണം മനുഷ്യന്റെ അനിയന്ത്രിതമായ കൈകടത്തലാണ്. മനുഷ്യര്‍ വേട്ടയാടി തന്നെ ഈ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാക്കിയ ജീവജാലങ്ങള്‍ നിരവധിയാണ്. ദക്ഷിണാഫ്രിക്കയില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അപ്രത്യക്ഷമായി തീര്‍ന്ന സീബ്രയുടെ ഉപജാതികളായ ക്വാഗ്ഗ ഇതിനൊരു ഉദാഹരണം മാത്രമാണ്. ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയിലേക്കുള്ള അനിയന്ത്രിതമായ കൈകടത്തല്‍ ഒഴിവാക്കുന്നതിലൂടെ മാത്രമേ ചെറിയൊരു പരിധിവരെയെങ്കിലും ജീവജാലങ്ങളുടെ വംശനാശത്തെ തടയാന്‍ സാധിക്കു വെന്നാണ് ഇതുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ നല്‍കുന്ന സൂചന.