ജിദ്ദ : സൗദി അറേബ്യയിൽ വിവിധ കേസുകളിൽ നാലു പേർക്കു കൂടി വധശിക്ഷ നടപ്പാക്കി. മൂന്ന് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും അവരെ കൊള്ള നടത്തുകയും ചെയ്ത സിയാദ് ബിൻ അഹ്മദ് അൽ ഹർബി എന്ന സൗദി പൗരനെ മക്ക പ്രവിശ്യയിൽ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇയാൾ മറ്റൊരു വ്യക്തിയുടെ കാറിനു മനപൂർവ്വം ഇടിച്ച് അയാളുടെ ഫോണും പണവും കവരുകയും ലഹരി മരുന്ന് ഉപയോഗിക്കുകയും ചെയ്തിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. രണ്ടു കുട്ടികളെ പ്രലോഭിച്ച് തട്ടിക്കൊണ്ടു പോകുകയും ഒരു പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ ഇസ്‌ലാം അബുൽ ഫതൂഹ് എന്ന ഈജിപ്ഷ്യൻ പൗരനെയും വധശിക്ഷയ്ക്ക് വിധേയനാക്കി.
കൂടാതെ സൗദി പൗരന്മാരായ ബന്ദർ ഫൗസ് അദോസരി, അബ്ദുല്ല സഅദ് റബീഅ എന്നീ രണ്ട് സൗദി പൗരന്മാരെ വീടുകൾ കൊള്ളയടിച്ചതിനും സ്ത്രീകളെ പീഡിപ്പിക്കുകയും ലഹരി മരുന്ന് കൈവശം വെക്കുകയും ചെയ്ത കേസിലും വധശിക്ഷയ്ക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്വേഷണത്തിൽ നാലു പേരും കുറ്റം ചെയ്തതായി സമ്മതിച്ചു. വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയായിരുന്നു. തുടർന്ന് സൗദിയിലെ വിവിധ പ്രവിശ്യകളിൽ വച്ച് ഇവരുടെ വധശിക്ഷ നടപ്പാക്കുകയായിരുന്നു.