തിരുവനന്തപുരം: കൂടുതൽ ലാഭം നൽകുന്ന കമ്പനികളുടെ മദ്യം കൂടുതൽ വിൽക്കാമെന്ന കച്ചവടതന്ത്രം ബവ്റിജസ് കോർപറേഷൻ സ്വീകരിച്ചതോടെ, 5 മാസം കൊണ്ട് ലഭിച്ചത് 16 കോടിയുടെ അധികവരുമാനം. ഷോർട്ട് ട്രാൻസ്ഫർ നെറ്റ്വർക്ക് (എസ്ടിഎൻ) പദ്ധതിയിലൂടെ ക്യാഷ് ഡിസ്കൗണ്ടായാണ് കോർപറേഷനു തുക ലഭിച്ചത്.
വൻകിട മദ്യക്കമ്പനികൾ ചില വെയർഹൗസ് മാനേജർക്കും ജീവനക്കാർക്കും കമ്മിഷൻ കൊടുത്ത് അവരുടെ ഉൽപന്നം വിൽക്കുന്നതായിരുന്നു പഴയരീതി. ഇക്കാരണത്താല്‍ പുതിയ കമ്പനികൾക്കൊന്നും വിപണിയിൽ സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞിരുന്നില്ല. നവംബർ മാസത്തിലാണ് ഈ രീതി അവസാനിപ്പിച്ച് എസ്ടിഎൻ പദ്ധതി നടപ്പിലാക്കാൻ ബവ്കോ തീരുമാനിച്ചത്. ബിയറിന്റെ എംആർപിയുടെ 9.5 ശതമാനവും വിദേശമദ്യത്തിന്റെ എംആർപിയുടെ 21 ശതമാനവും ക്യാഷ് ഡിസ്കൗണ്ടായി ബവ്കോയ്ക്കു നൽകിയാൽ നിശ്ചിത മാസത്തിനുള്ളിൽ സ്റ്റോക്കു വിറ്റു നൽകാമെന്നായിരുന്നു ധാരണ. ഇതനുസരിച്ച് വിൽപനയ്ക്കു തയാറായ കമ്പനികളുമായി ബവ്കോ കരാറിലേർപ്പെട്ടു.