കൊച്ചി : കലൂർ സ്റ്റേഡിയത്തിൽ നടന്ന മൃദംഗനാദം നൃത്ത പരിപാടിയിലെ സുരക്ഷ വീഴ്ചയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. ഉമ തോമസിന്റെ അപകടത്തിലേക്ക് നയിച്ച സ്റ്റേജ് നിർമ്മിച്ചത് തലേദിവസം രാത്രിയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സ്റ്റേജ് നിർമാണത്തിനായി സംഘാടകർ അനുമതിക്കായി കൊച്ചി കോർപറേഷനെ സമീപിച്ചത് തലേദിവസമാണ്. ഇതോടെ അന്ന് തന്നെ ഹെൽത്ത് ഓഫീസർ സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി. ഈ സമയം ഗ്യാലറിയിൽ സ്റ്റേജ് നിർമിച്ചിരുന്നില്ലെന്നും വിവരമുണ്ട്. കുട്ടികൾ അടക്കം 12,000 നർത്തകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചത് 8 കൗണ്ടറുകൾ വഴിയാണ്. രണ്ടു മണിക്കൂർ വരെ സമയം കാത്തിരുന്നിട്ടാണ് കുട്ടികൾ സ്റ്റേഡിയത്തിന് ഉള്ളിൽ പ്രവേശനം നേടിയത്. സ്റ്റേഡിയത്തിനുള്ളിൽ ആദ്യം ഉണ്ടായിരുന്നത് ഒരു കാരവനും ആംബുലൻസും മാത്രമായിരുന്നു.