മുംബൈ : രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരം ഉറപ്പായതോടെ മഹാരാഷ്ട്രയിൽ കൂടുതൽ ഭരണകക്ഷി എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ നീക്കം. ശിവസേനയ്ക്ക് പിന്നാലെ എൻസിപിയും കോൺഗ്രസും എംഎൽഎമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയേക്കും. ശിവസേന എംഎൽഎമാർ നിലവിൽ മുംബൈ മലാഡിലെ ഒരു റിസോർട്ടിലാണ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് എൻസിപി കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തുന്നുണ്ട്.
ഇന്നലെ വൈകീട്ടാണ് ശിവസേനയുടെ എംഎൽഎമാരെയും ചില സ്വതന്ത്ര എംഎൽഎമാരെയും ശിവസേന മുംബൈയിലെ റിസോർട്ടിലേക്ക് മാറ്റിയത്. 6 സീറ്റുകളിലേക്കാണ് മഹാരാഷ്ട്രയിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിലേക്ക് ബിജെപി, മൂന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എൻസിപിയും കോൺഗ്രസും ഓരോ സ്ഥാനാർത്ഥികളെയും ശിവസേന രണ്ട് സ്ഥാനാർത്ഥികളെയും നിശ്ചയിച്ചു. അഞ്ച് പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമെങ്കിലും ഒരു സീറ്റിൽ ഇതോടെ മത്സരം ഉറപ്പായി. ശിവസേനയും സഞ്ജയ് പവാറും ബിജെപിയുടെ ധനഞ്ജയ് മഹാദികും തമ്മിലാകും മത്സരം. ഇത് കുതിരക്കച്ചവടത്തിന് വഴിതെളിക്കുമോ എന്ന ആശങ്കയെ തുടർന്നാണ് ശിവസേന എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയത്. നേരത്തെ മത്സരം ഒഴിവാക്കാൻ ഒരു സീറ്റ് അധികം ഉൾപ്പെടുത്താം എന്ന ശിവസേന നിർദേശം ബിജെപി തള്ളിയിരുന്നു.
പിയൂഷ് ഗോയൽ, അനിൽ ബോൺഡ്, ധനഞ്ജയ് മഹാദിക് എന്നിവരാണ് ബിജെപിയുടെ രാജ്യസഭാ സ്ഥാനാർത്ഥികൾ. എൻസിപി പ്രഫുൽ പട്ടേലിനെയും കോൺഗ്രസ് ഇമ്രാൻ പ്രതാപ്‍ഗർഹിയെയും നിശ്ചയിച്ചിട്ടുണ്ട്. സഞ്ജയ് റൗട്ടും സഞ്ജയ് പവാറുമാണ് ശിവസേന സ്ഥാനാർത്ഥികൾ. മഹാരാഷ്ട്ര നിയമസഭയിൽ 106 അംഗങ്ങളാണ് ബിജെപിക്കുള്ളത്.