ദില്ലി : കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് സമവായമുണ്ടാക്കാൻ ശ്രമങ്ങൾ തുടരുന്നതിനിടെ ഡി കെ ശിവകുമാറിന് മുന്നിൽ കൂടുതൽ ഓഫറുകൾ വച്ച് നേതൃത്വം. ഉപമുഖ്യമന്ത്രി പദത്തിനും പ്രധാന വകുപ്പുകൾക്കും പുറമെ ശിവകുമാർ നിർദ്ദേശിക്കുന്ന മൂന്ന് പേരെ മന്ത്രി സഭയിലുൾപ്പെടുത്താമെന്ന് വാഗ്ദാനവും നേതൃത്വം മുന്നോട്ട് വച്ചു. രാഹുൽ ഗാന്ധി കൂടി പങ്കെടുത്ത യോഗത്തിലാണ് നിർദ്ദേശം ഉയർന്നത്.
സിദ്ധരാമയ്യയോ ഡികെയോ മുഖ്യമന്ത്രിയാകുക എന്ന ആകാംഷയാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ബാക്കി വച്ചിരിക്കുന്നത്. രണ്ട് ടേം ആയി മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാമെന്ന ഓഫർ നേരത്തേ സിദ്ധരാമയ്യ മുന്നോട്ട് വച്ചിരുന്നു. എന്നാൽ സംസ്ഥാന മുഖ്യമന്ത്രി പദത്തിൽ ആദ്യ രണ്ട് വർഷം തന്നെ പരിഗണിക്കണമെന്ന കടുത്ത നിലപാട് ഡികെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ട് വർഷം സിദ്ധരാമയ്യക്കും പിന്നീട് ഡികെ ശിവകുമാറിനും എന്നായിരുന്നു ഹൈക്കമാന്റ് ഫോർമുല. ഡികെ നിലപാട് വ്യക്തമാക്കിയതോടെയാണ് പുതിയ ഓഫര്‍ മുന്നോട്ട് വച്ചിരിക്കുന്നത്.
സിദ്ധരാമയ്യയെ മുഖ്യമന്ത്രി ആക്കാനുളള തീരുമാനത്തിലെ അതൃപ്തി മറച്ചുവെക്കുന്നില്ല ഡി കെ ശിവകുമാർ. ദില്ലിയിലേക്ക് പോകാനായി വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ വാർത്ത ഏജൻസിയോട് സംസാരിച്ച അദ്ദേഹം ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. ‘പിന്നിൽനിന്ന് കുത്താനില്ല, പാർട്ടി അമ്മയെപ്പോലെയാണ്’ എന്ന് അദ്ദേഹം പറഞ്ഞു. യോഗ്യനെങ്കിൽ പാർട്ടി അധിക ചുമതലകൾ നൽകും, ഒന്നിലും ആശങ്കയില്ല, ബിപി ഇപ്പോൾ നോർമൽ ആണെന്നും ആദ്ദേഹം പറഞ്ഞു. കർണാടക മുഖ്യമന്ത്രി പദത്തിലാരെന്ന ചോദ്യത്തിൽ എല്ലാ കണ്ണുകളും ദില്ലിയിലേക്ക് നീങ്ങുകയാണ്. സോണിയ ഗാന്ധി നേരിൽ സംസാരിക്കുന്നതോടെ ശിവകുമാർ അയയും എന്ന പ്രതീക്ഷയിലാണ് ഹൈക്കമാൻഡ്.