മലപ്പുറം: എആര്‍ നഗര്‍ ഇരുമ്പുചോലയിലെ കടയില്‍നിന്ന് ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ച കൂടുതല്‍പേര്‍ ചികിത്സ തേടി. ഇന്നലെ ഗര്‍ഭിണിയും കുട്ടികളുമടക്കം പതിനഞ്ചോളം പേരാണ് ചികിത്സ തേടിയത്. ഒരു കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എആര്‍ നഗര്‍ യാറത്തുംപടി സ്വദേശിയുടെ പത്ത് വയസ് പ്രായമായ മകളെയാണ് താലൂക്ക് ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. മറ്റുള്ളവരെ താലൂക്ക് ആശുപത്രിയിലും പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യാറത്തുംപടി, വികെ പടി സ്വദേശികളായ അഞ്ച് പേരും പന്താരങ്ങാടി സ്വദേശികളായ നാല് പേരും പ്രാഥമിക ചികിത്സ നേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒമ്പത് പേര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എല്ലാവരും ഒരേ ദിവസം ഒരേ കടയില്‍നിന്ന് ഭക്ഷണം കഴിച്ചവരാണ്. ഇരുമ്പുചോലയിലെ കടയില്‍നിന്ന് കഴിഞ്ഞ ഞായറാഴ്ച രാത്രി 11ന് ശേഷം ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ക്ഷീണം, വയറിളക്കം, ഛര്‍ദി എന്നിവയാണുള്ളത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങിയത്.
പലരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ബ്രോസ്റ്റും മയോണൈസുമാണ് കഴിച്ചിരുന്നത്. ഭക്ഷ്യസുരക്ഷാ ഓഫിസറുടെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷ വിഭാഗവും ആരോഗ്യ വിഭാഗവും കടയില്‍ പരിശോധന നടത്തി ഭക്ഷ്യ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. കടയടക്കാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ സാംപിളും പരിശോധനയ്ക്ക് അയച്ചതായി മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. രാത്രി 11 വരെ ഭക്ഷണം കൊടുത്തവര്‍ക്ക് പ്രയാസങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അതിന് ശേഷം എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നും ഉടമ പറയുന്നു.