റിയാദ്: പുതിയ ഉംറ സീസൺ ആരംഭിച്ച് ആറുമാസം പിന്നിടുമ്പോൾ സൗദി അറേബ്യയിലെത്തിയ തീർഥാടകരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു. വ്യോമ, കര, കടൽ തുറമുഖങ്ങൾ വഴി കഴിഞ്ഞ ദിവസം വരെ എത്തിയ തീർഥാടകരുടെ എണ്ണം വ്യക്തമാക്കി ഹജ്ജ് ഉംറ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആകെ 48,40,764 തീർഥാടകരാണ് പുണ്യഭൂമിലെത്തിയത്.
ഇതുവരെ എത്തിയ തീര്‍ത്ഥാടകരില്‍ 4,258,151 പേർ ഉംറ നിർവഹിച്ച് സ്വദേശങ്ങളിലേക്ക് മടങ്ങി. ചൊവ്വാഴ്ച വരെ സൗദിയിലുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണം 582,613 ആണ്. രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ 4,329,349 തീർഥാടകർ എത്തിയതായാണ് കണക്ക്. അറാർ ജദീദ്, അൽ ഹദീത, ഹാലത്ത് അമ്മാർ, അൽവാദിയ, റുബുൽ ഖാലി (എംപ്റ്റി ക്വാർട്ടർ), അൽബത്ഹ, സൽവ, കിങ് ഫഹദ് കോസ്വേ, അൽറാഖി, ദുർറ, ഖഫ്ജി എന്നിവിടങ്ങളിലെ കര മാർഗമുള്ള കവാടങ്ങളിലൂടെ 507,430 തീർഥാടകരും കപ്പൽ മാർഗം 3985 തീർഥാടകരും എത്തിയിട്ടുണ്ട്.
അതേസമയം ഈ വർഷം സൗദി അറേബ്യക്ക് പുറത്തുനിന്ന് 20 ലക്ഷത്തിലധികം തീർഥാടകർ ഹജ്ജിനെത്തും. ഇറാഖിൽനിന്ന് 33,690 പേരുണ്ടാകും. ഇറാഖ് സന്ദർശന വേളയിൽ ഇറാഖി ഹജ്ജ്, ഉംറ തീർഥാടകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് കാലത്ത് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയ ഹജ്ജായിരിക്കും ഇത്തവണത്തേത്. പ്രായപരിധിയുണ്ടാവില്ല. കോവിഡിന് മുമ്പുണ്ടായിരുന്ന തീർഥാടകരുടെ എണ്ണത്തിലേക്ക് ഹജ്ജ് ഈ വർഷം തിരിച്ചെത്തുമെന്ന സന്തോഷവാർത്ത ലോകത്തെ അറിയിക്കകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നത് സൗദി അറേബ്യ തുടരും.