അൽ മവാസി: ദക്ഷിണ ഗാസയിലെ അൽ മവാസിയിൽ സാധാരണക്കാരുടെ അഭയകേന്ദ്രമായി ഇസ്രയേൽ അംഗീകരിച്ചിരുന്ന മേഖലയിൽ ഇസ്രയേൽ ആക്രമണത്തിൽ 70 ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹമാസിലെ പ്രമുഖരെ ലക്ഷ്യമിട്ട് ഖാൻ യൂനിസിൽ നടത്തിയ ആക്രമണത്തിലാണ് 70ലേറെ പാലസ്തീൻകാർ കൊല്ലപ്പെട്ടത്. എന്നാൽ ആക്രമണ സമയത്ത് മേഖലയിൽ സാധാരണക്കാർ ഉണ്ടായിരുന്നില്ലെന്നാണ് ഇസ്രയേൽ വാദിക്കുന്നത്. അതേസമയം ഇസ്രയേലിന്‍റെ അവകാശവാദം നുണയെന്നും തെറ്റിനെ ന്യായീകരിക്കാനാണ് ശ്രമമെന്നുമാണ് ഹമാസ് വക്താക്കൾ വിശദമാക്കുന്നത്.
ഒക്ടോബർ 7നുണ്ടായ ആക്രമണത്തിലെ സൂത്രധാരനെ ലക്ഷ്യമിട്ടുള്ളതായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ സൈന്യം വിശദമാക്കുന്നത്. അൽ മവാസിയിലെ തെരുവുകളിൽ നിരത്തുകളിൽ മൃതദേഹങ്ങളും തകർന്ന ടെന്റുകളുമാണ് കാണുന്നതെന്നുമാണ് സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വിശദമാക്കുന്നത്. ഹമാസ് സൈനിക നേതാവായ മുഹമ്മദ് ദേയ്ഫും അനുയായിയും കൊല്ലപ്പെട്ടോയെന്ന് തീർച്ചയില്ലെന്നും എന്നാൽ മേഖലയിൽ ബന്ദികളില്ലെന്ന് വ്യക്തമായ സൂചന ലഭിച്ചതിന് പിന്നാലെ യാണ് ആക്രമണം നൽകാൻ അനുമതി നൽകിയതെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശനിയാഴ്ച ടെൽ അവീവിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രതികരിച്ചത്.
വലിയ രീതിയിൽ ആക്രമണത്തിൽ മേഖലയിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്. അതേസമയം 90 പേർ കൊല്ലപ്പെട്ടതായും 300 ലേറെ പേർ കൊല്ലപ്പെട്ടതായുമാണ് ഹമാസ് വക്താക്കൾ വാദിക്കുന്നത്. അതേസമയം വെടിനിർത്തൽ ആവശ്യപ്പെട്ട് ഇസ്രയേലിലെ ജെറുസലേമിൽ കൂട്ടായ്മ നടന്നു. ബന്ദികളെ വിട്ടയക്കാനുള്ള കരാറിലെത്തിച്ചേരണമെന്നാണ് പ്രതിഷേധക്കാർ ആവശ്യമുയർത്തിയത്. ഗാസയിലെ ഇസ്രയേൽ ആക്രമണത്തെ അപലപിക്കുന്നുവെന്നും കൂട്ടായ്മയിൽ പങ്കെടുത്തവർ വിശദമാക്കിയത്.
മറ്റൊരു സംഭവത്തിൽ ലെബനോനിൽ നിന്ന് ഇസ്രയേലിനെ ലക്ഷ്യമിട്ട് റോക്കറ്റാക്രമണമുണ്ടായി. ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു. തെക്കൻ പട്ടണമായ കിരിയാത് ഷ്മോണയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്ള എറ്റെടുത്തിട്ടുണ്ട്.