ദക്ഷിണ കൊറിയയുടെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയിലെ ഒരു വീട്ടിൽ ആയിരത്തിലധികം നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ഈ മൃഗങ്ങളെ പട്ടിണിക്കിട്ട് കൊന്നതായി കരുതുന്ന വീട്ടുകാരനെ കുറിച്ച് അന്വേഷിക്കുകയാണ്. അടുത്ത വീട്ടുകാരൻ പരാതി നൽകിയതിനെ തുടർന്നാണ് ഇയാളുടെ വീട്ടിൽ പരിശോധന നടന്നത്. ജിയോങ്ഗി പ്രവിശ്യയിലെ യാങ്പിയോങ്ങിലാണ് സംഭവം. അയൽക്കാരൻ സ്വന്തം നായയെ തിരഞ്ഞാണ് ഇയാളുടെ വീട്ടിൽ എത്തിച്ചേർന്നത്. അപ്പോഴാണ് അനേകം നായ്ക്കളെ ചത്ത നിലയിൽ കാണുന്നത്.
അറുപത് വയസിന് മുകളിൽ പ്രായമുള്ള ഒരാളുടെ വീട്ടിലാണ് ചത്ത നിലയിൽ നായകളെ കാണുന്നത്. ഇവയെ വീട്ടിൽ കൊണ്ടുവന്ന് പട്ടിണിക്കിടുകയായിരുന്നു എന്ന് പറയുന്നു. പലതും ചത്തു. ചിലരെല്ലാം, പ്രായമായ ഒന്നിനും ഇനി പറ്റില്ല എന്ന് തോന്നുന്ന തങ്ങളുടെ നായയെ ഇയാളെ ഏൽപ്പിച്ചിരുന്നു എന്നും പറയുന്നു. മൃഗാവകാശ സംഘടനയായ ‘കെയറി’ലെ ഒരു അംഗം പറയുന്നത്, അവയെ പരിപാലിക്കാൻ എന്നും പറഞ്ഞ് ഓരോ നായയ്ക്കും വലിയ തുക ആളുകൾ ഇയാൾക്ക് നൽകിയിരുന്നു എന്നാണ്. 2020 മുതൽ എന്നാൽ ഇയാൾ ഈ നായ്ക്കളെ പൂട്ടിയിട്ട് പട്ടിണി കിടത്തി കൊല്ലുകയായിരുന്നു എന്നും കെയർ അംഗങ്ങൾ പറയുന്നു.
ചത്ത നായ്ക്കളുടെ ദൃശ്യങ്ങൾ ആരേയും വേദനിപ്പിക്കും. ഇയാളുടെ വീടിന്റെ മുറ്റത്ത് കൂടുകളിലും ചാക്കുകളിലും റബ്ബർ പെട്ടികളിലും എല്ലാം ചത്ത നായ്ക്കളെ കാണാം. സ്ഥലത്തെത്തിയ കെയർ അംഗങ്ങൾ നിലത്ത് അഴുകിയ ശവങ്ങൾ കണ്ടെത്തുകയായിരുന്നു. ചാവാതെ രക്ഷപ്പെട്ട നായ്ക്കളിൽ പലതിനും ത്വക്ക് രോഗവും പോഷകാഹാരക്കുറവും ബാധിച്ചിട്ടുണ്ട്.
രക്ഷപ്പെടുത്തിയെടുത്ത നായകളെല്ലാം തന്നെ ചികിത്സയിലാണ്. അതിൽ രണ്ട് നായ്ക്കളുടെ സ്ഥിതി ഗുരുതരം ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ ദക്ഷിണകൊറിയയിൽ മൃഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരികയാണ് എന്നും കണക്കുകൾ പറയുന്നു.