തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിനുള്ള സമയപരിധി ഇന്ന് തീരാനിരിക്കെ പകുതിയിലേറെ പേർക്കും ഓണക്കിറ്റ് ലഭിച്ചില്ല. മൂന്നരലക്ഷത്തോളം പേർക്കാണ് ഇനിയും ഓണക്കിറ്റ് കിട്ടാനുള്ളത്. അതേസമയം, ഇന്ന് തന്നെ കിറ്റ് വിതരണം പൂർത്തിയാകുമെന്നാണ് സർക്കാർ വാദം. ഇത്തവണ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിലാണ്. ഓണക്കിറ്റ് വിതരണ പ്രതിസന്ധിക്കൊപ്പം റേഷൻ കടകളിലെ ഇ – പോസ് മെഷീൻ തകരാറിലായത് ഇരട്ടി പ്രഹരമായിയിരുന്നു. ഇന്നലെ രാവിലെ എട്ട് മണിക്ക് കട തുറന്നത് മുതൽ മെഷീൻ പണിമുടക്കി. ഒടിപി വെരിഫിക്കേഷൻ വഴിയുള്ള വിതരണം മാത്രമാണ് നടന്നത്.
പത്തരയോടെ പ്രശ്നം പരിഹരിച്ചെങ്കിലും കിറ്റ് വിതരണം മന്ദഗതിയിലായി. മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ പെട്ടെന്ന് എത്തിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും, പായസം മിക്സും കറിപൊടികളും എത്താത്തത് പ്രതിസന്ധിയായിരുന്നു. മിൽമയുടെ പായസം മിക്‌സും, റെയ്ഡ്കോയുടെ കറി പൊടികളും ഇനിയും കിട്ടാത്ത സ്ഥലങ്ങളിൽ മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിംഗ് പൂർത്തിയാക്കാനാണ് നിർദേശം.