കോഴിക്കോട് : എൻആർഐ അക്കൗണ്ട് ഉടമകൾക്കുള്ള റിപാട്രിയേഷൻ സൗകര്യം ദുരുപയോഗിച്ചും വിദേശ ടൂർ പാക്കേജുകളെന്ന പേരിലും ഒരു സ്വകാര്യ ബാങ്ക് വഴി മാത്രം 5 വർഷത്തിനിടെ കേരളത്തിൽനിന്ന് 2700 കോടിയിലധികം രൂപ വിദേശത്തേക്കു കടത്തിയെന്ന് ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തി. ലഹരിമരുന്നു സംഘങ്ങളുടെയും കള്ളക്കടത്തുകാരുടെയും കള്ളപ്പണക്കാരുടെയും അനധികൃത സമ്പാദ്യം ബാങ്ക് വഴി തന്നെ വിദേശത്തേക്ക് ഒഴുകിയതായാണു സംശയിക്കുന്നത്. നികുതി വെട്ടിച്ചും വ്യാജരേഖ ഉപയോഗിച്ചും അക്കൗണ്ടുകളിൽ കൃത്രിമം കാണിച്ചും നടത്തിയ ഇടപാടുകൾ ആയതിനാൽ കടത്തിയതു കള്ളപ്പണമാണെന്ന നിഗമനത്തിലാണ് ആദായനികുതി വകുപ്പ്. അൻപതോളം റഫറൽ ഏജന്റുമാർ വഴി നടന്ന 65,000ൽ പരം ഇടപാടുകളിലാണ് 2700 കോടി രൂപ കേരളത്തിൽ നിന്നു മാത്രം കടത്തിയത്.
യുഎഇയിലേക്കാണ് ഈ പണത്തിന്റെ മുക്കാൽ പങ്കും പോയത്. ജർമനി, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്കും കടത്തിയിട്ടുണ്ട്. വിദേശത്തേക്കുള്ള പണമൊഴുക്കില്‍ വൻ വർധനയാണ് അടുത്തിടെയുണ്ടായത്. 2024-25 സാമ്പത്തിക വർഷം മാത്രം ഈ സ്വകാര്യ ബാങ്കിലൂടെ നടന്നത് 914 കോടി രൂപയുടെ ഇടപാടുകളാണ്. നടപ്പു സാമ്പത്തിക വർഷത്തിൽ 2 മാസത്തിനിടെ മാത്രം നടന്നത് 730 കോടിയുടെ ഇടപാടുകൾ. കൊടുവള്ളിയിലെ ഐബിക്സ് ഹോളിഡേയ്‌സ് എന്ന ഓൺലൈൻ ട്രാവൽ ഏജൻസി റിപാട്രിയേഷൻ സൗകര്യം ദുരുപയോഗിച്ച് 243 കോടി രൂപയുടെ കള്ളപ്പണം വിദേശത്തേക്കു കടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണമാണ് സംസ്ഥാനത്ത് 5 വർഷത്തിനിടെ നടന്ന അതീവ ഗുരുതരമായ ഇടപാടുകളെപ്പറ്റിയുള്ള കണ്ടെത്തലുകളിലേക്കു നയിച്ചത്. ആദായനികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗം പ്രിൻസിപ്പൽ ഡയറക്ടർ അമൃത മിശ്രയുടെ മേൽനോട്ടത്തിലാണ് കേരളത്തിലെ അന്വേഷണം പുരോഗമിക്കുന്നത്. സമാന രീതിയിൽ ഗുജറാത്ത്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കള്ളപ്പണം വിദേശത്തേക്കു കടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.