തെലങ്കാന: ബിആര്‍എസ് നേതാവ് കവിതയുടെ അറസ്റ്റിന് പിന്നാലെ കരീംനഗറിലെ ബിആര്‍എസ് സ്ഥാനാര്‍ത്ഥിയും മുൻ എംപിയുമായ ബി വിനോദ് കുമാറിന്‍റെ ഉടമസ്ഥതയിലുള്ള മള്‍ട്ടിപ്ലക്സ് തിയേറ്ററില്‍ നിന്ന് ആറരക്കോടിയിലധികം രൂപ പിടിച്ചെടുത്തു. പൊലീസാണ് രഹസ്യവിവരത്തെ തുടര്‍ന്ന് കരീംനഗറിലുള്ള ‘പ്രതിമ’ എന്ന മൾട്ടിപ്ലക്സ് തിയേറ്ററില്‍ പരിശോധന നടത്തി, പണം പിടിച്ചെടുത്തത്. കാർഡ് ബോർഡ് പെട്ടിയിലാണ് ഇത്രയധികം പണം സൂക്ഷിച്ചിരുന്നത്. ഇത് പൊലീസ് സീല്‍ ചെയ്ത് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദില്ലി മദ്യനയ അഴിമതിക്കേസില്‍ ബിആര്‍എസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ മകളുമായ കെ കവിതയെ ഇന്നലെ ഇഡി- ഐടി റെയ്ഡുകൾക്ക് ശേഷം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബി വിനോദ് കുമാറിന്‍റെ ഉടമസ്ഥതയിലുള്ള സിനിമാ തിയേറ്ററില്‍ നിന്ന് ആറരക്കോടിയിലധികം രൂപ പിടിച്ചെടുത്തിരിക്കുന്നത്. കവിതയെ ഇന്ന് കോടതിയിൽ ഹാജരാക്കി. കേസ് കോടതി പരിഗണിക്കും. ലോക്‍സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെ കവിതയുടെ അറസ്റ്റ് തന്നെ ബിആര്‍എസിന് തിരിച്ചടിയായിരിക്കുകയാണ്. ഇതിനിടെയാണ് പുതിയ പ്രശ്നം കൂടി വന്നിരിക്കുന്നത്.