ബാങ്ക് അക്കൗണ്ടുകളിലുള്ള പണത്തിൽ നിന്നും ചെറിയ തുകകൾ പിൻവലിക്കാൻ ഭൂരിഭാഗം പേരും ഇപ്പോൾ ബാങ്കുകളിലേക്ക് പോകാറില്ല. യുപിഐ വന്നതോടെ എല്ലാം ഓൺലൈൻ പേയ്മെന്റ് ആണ്. അതിന് മുൻപ് തന്നെ എടിഎം വഴി പണം പിൻവലിക്കാറുണ്ടെങ്കിലും പരിമിതമായ സൗജന്യ ഇടപാടുകൾ ചിലപ്പോഴെങ്കിലും ഉപഭോക്താക്കളെ പിറകോട്ട് വലിക്കാറുണ്ട്. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി എല്ലാ പ്രമുഖ ബാങ്കുകളും പരിമിത എണ്ണം സൗജന്യ സേവനങ്ങൾ നൽകി കഴിഞ്ഞാൽ പിന്നെ ഓരോ ഇടപാടുകള്ക്കും പണം ഈടാക്കാറുണ്ട്.
എടിഎമ്മുകളിലെ സൗജന്യ ഇടപാടുകളുടെ പല ബാങ്കുകൾക്കും പലതാണ്, അതുപോലെ അക്കൗണ്ടിന്റെ താരത്തിനനുസരിച്ചും സൗജന്യ ഇടപാടുകളുടെ എണ്ണം വ്യത്യാസപ്പെട്ടേക്കാം. സൗജന്യ പ്രതിമാസ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ പല ബാങ്കുകളും വൻ തുകകളാണ് ഈടാക്കുക.
കഴിഞ്ഞ വർഷം ജൂണിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, സൗജന്യ ഇടപാട് പരിധി കഴിഞ്ഞുള്ള ഓരോ എടിഎം ഇടപാടിനും 21 രൂപ ഈടാക്കാൻ ബാങ്കുകൾക്ക് അനുമതിയുണ്ട്. 2022 ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. നേരത്തെ ഇത്തരം ഓരോ ഇടപാടിനും 20 രൂപ ഈടാക്കാൻ ആർബിഐ ബാങ്കുകൾക്ക് അനുമതി നൽകിയിരുന്നു.
ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് എടിഎമ്മുകളിൽ ഓരോ മാസവും അഞ്ച് സൗജന്യ ഇടപാടുകൾ അനുവദിച്ചിട്ടുണ്ട് കൂടാതെ മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്ന് മൂന്ന് സൗജന്യ ഇടപാടുകളും. മെട്രോ സിറ്റിയിലെ ഉപഭോക്താക്കൾക്ക് മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്നും അഞ്ച് സൗജന്യ ഇടപാടുകൾ നടത്താം.
വർദ്ധിച്ചുവരുന്ന എടിഎം സ്ഥാപന ചെലവും മെയിന്റനൻസ് ചെലവും നേരിടാൻ ബാങ്കുകൾ എടിഎം സേവന നിരക്കുകൾ ഉയർത്തുന്നുണ്ട്. ഒരു ഉപഭോക്താവിന്റെ കൈവശമുള്ള കാർഡിനെ ആശ്രയിച്ച് എല്ലാ പ്രമുഖ ബാങ്കുകളും ഡെബിറ്റ് കാർഡുകൾക്കോ എടിഎം കാർഡുകൾക്കോ വാർഷിക ഫീസ് ഈടാക്കുന്നുണ്ട്.