ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് അനിയന്ത്രിതമായി വര്‍ദ്ധിക്കുന്നത് ഇന്നത്തെ കാലത്ത് പലരെയും ബാധിക്കുന്ന ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുകയാണ്. ഞരമ്പുകളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുമ്പോള്‍ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാന്‍ തുടങ്ങും. കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയേണ്ടത് വളരെ പ്രധാനമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പ്രകൃതിദത്തമായ നിരവധി മാര്‍ഗങ്ങളുണ്ട്. അതിലൊന്നാണ് മുരിങ്ങ. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ധാരാളമായി കാണുന്ന ഇലക്കറിയാണ് മുരിങ്ങ. ഇതിന്റെ ഇലകളില്‍ വിറ്റാമിന്‍ എ, ബി, സി, ഇ, ഇരുമ്പ്, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ, മുരിങ്ങയില ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്, ഇത് രക്തക്കുഴലുകളുടെ പ്രതലങ്ങളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയുന്നു. കൂടാതെ മുരിങ്ങയില ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു. അതിനാല്‍ തന്നെ മുരിങ്ങയില കഴിക്കുന്നത് ശരീരത്തിന് ധാരാളം ആന്റി ഓക്സിഡന്റുകള്‍ നല്‍കുന്നു.
പച്ചക്കറിയായി കഴിക്കുന്നതിനു പുറമേ, മുരിങ്ങ മറ്റ് പല വഴികളിലൂടെയും ഭക്ഷണത്തിന്റെ ഭാഗമാക്കാം. മുരിങ്ങ ചായ ഉണ്ടാക്കി കുടിക്കുന്നതാണ് മറ്റൊരു നല്ല ഓപ്ഷന്‍. മുരിങ്ങ ചായ തയ്യാറാക്കാന്‍ ഉണങ്ങിയ മുരിങ്ങയില ചൂടുവെള്ളത്തില്‍ തിളപ്പിച്ച് അരിച്ചെടുത്ത് കുടിക്കുക. ഇത് ആരോഗ്യത്തില്‍ അതിശയകരമായ സ്വാധീനം ചെലുത്തുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. മുരിങ്ങ സ്മൂത്തിയും ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. സ്മൂത്തി ഉണ്ടാക്കാന്‍ മുരിങ്ങയില പൊടിക്കുക. ഇതിലേക്ക് ചീരയും ചേര്‍ക്കാം. സ്മൂത്തി ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് മറ്റേതെങ്കിലും സ്മൂത്തിക്കൊപ്പം മുരിങ്ങയില പൊടിച്ചതും ചേര്‍ക്കാം. ഇതുകൂടാതെ മുരിങ്ങയില സൂപ്പാക്കി കഴിക്കാം. കൂടാതെ, സാലഡിന്റെ ഭാഗമായി മുരിങ്ങയില കഴിക്കാം.
ഭക്ഷണത്തില്‍ മുരിങ്ങയില ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുക മാത്രമല്ല ശരീരത്തിന് മറ്റ് പല ഗുണങ്ങളും നല്‍കുന്നു. മുരിങ്ങയില കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു, ഇത് കഴിക്കുന്നത് നല്ല ഉറക്കവും ആരോഗ്യമുള്ള ചര്‍മ്മവും ലഭിക്കാന്‍ സഹായിക്കുന്നു. ധാരാളം വിറ്റാമിനുകളും ധാതുക്കളും മുരിങ്ങ പൊടിയില്‍ കാണപ്പെടുന്നു. ആന്റിഓക്സിഡന്റുകള്‍, ബയോ ആക്റ്റീവ് പ്ലാന്റ് സംയുക്തങ്ങള്‍, ഐസോത്തിയോസയനേറ്റ്, നിയാസിന്‍ സംയുക്തങ്ങള്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ കാല്‍സ്യം, പ്രോട്ടീന്‍, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളും മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ മുരിങ്ങ പൊടി ഉപയോഗിക്കുന്നത് മറ്റു പല മരുന്നുകളേക്കാളും നല്ലതാണ്. മുരിങ്ങയിലയിലെ ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ശരീരത്തിലെ അധിക കൊഴുപ്പ് കത്തിക്കുന്ന പ്രക്രിയയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇതുകൂടാതെ, മുരിങ്ങ പൊടി പതിവായി ഉപയോഗിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും.