റിയാദ്: കഴിഞ്ഞ ദിവസം സൗദി തെക്കൻ പ്രവിശ്യയിലെ ഖമീസ് മുശൈത്ത്-ബിഷ റോഡിൽ ഖൈബര്‍ ജനൂബിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ആലപ്പുഴ ചേര്‍ത്തല സ്വദേശി തറയില്‍ അബ്ദുല്‍ സലാമിന്റെ (56) മൃതദേഹം ഖബറടക്കി. വെള്ളിയാഴ്ച ഖമീസ് മുശൈത്തിലെ തഹ്ലിയ ഡിസ്ട്രിക്ടിലെ സല്‍മാന്‍ മസ്ജിദില്‍ ജുമുഅ നമസ്ക്കാരത്തിന് ശേഷം ജനാസ നമസ്കാരം നടത്തി മഹാല റോഡിലുള്ള കറാമ മഖ്ബറയിൽ മൃതദേഹം ഖബറടക്കി.
ചൊവ്വാഴ്ച ജോലി ആവശ്യാര്‍ത്ഥം ഖമീസില്‍ നിന്ന് ബിഷയിലേക്കുള്ള യാത്രയില്‍ ഇദ്ദേഹത്തിന്റെ കാറിൽ ഖൈബര്‍ ജനൂബില്‍ വെച്ച്, സ്വദേശി പൗരൻ ഓടിച്ച എതിര്‍ ദിശയില്‍നിന്ന് വന്ന പിക്കപ്പ് ഇടിച്ചായിരുന്നു അപകടം. അബ്ദുൽ സലാം സംഭവസ്ഥലത്ത് തന്നെ മരിച്ചു. അറേബ്യന്‍ ട്രേഡിങ്ങ് സപ്ലൈസ് കമ്പനിയില്‍ ഗാലക്‌സി വിഭാഗം സെയില്‍സ്‍മാനായിരുന്നു. രണ്ട് മക്കളുണ്ട്.
തുടര്‍പടനാര്‍ത്ഥം നാട്ടിലായിരുന്ന മകന്‍ തന്‍സീഹ് റഹ്മാന്‍ ഉപ്പയുടെ വിയോഗമറിഞ്ഞ് ഖമീസില്‍ എത്തിയിരുന്നു. മകള്‍ തസ്‌നീം സുല്‍ത്താന ഏതാനും ദിവസം മുമ്പാണ് സന്ദർശക വിസയില്‍ മാതാപിതാക്കളേയും ഭര്‍ത്താവ് സില്‍ജാനെയും കാണാന്‍ സൗദിയിലെത്തിയത്. പിതാവ് – കൊച്ചു മുഹമ്മദ്, മാതാവ് – സഹറത്ത്, ഭാര്യ – റാഫിയ, സഹോദരങ്ങൾ -അബ്ദുൽ ലത്തീഫ് (ജിസാൻ), സബീന, ലുബീന.
നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ വിഭാഗം അംഗവും ഒ.ഐ.സി.സി ദക്ഷിണ മേഖലാ പ്രസിഡന്റുമായ അഷ്‌റഫ് കുറ്റിച്ചല്‍, കെ.എം.സി.സി ലീഗൽ സെൽ കൺവീനറായ ഇബ്റാഹിം പട്ടാമ്പി, അസീര്‍ പ്രവാസി സംഘം നേതാവും സാമൂഹിക പ്രവർത്തകനുമായ സലിം കല്‍പറ്റ, മുസ്തഫ തുടങ്ങിയവർ സഹായത്തിനുണ്ടായിരുന്നു.