മസ്‍കത്ത്: ഒമാനില്‍ താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. കോട്ടയം ഇരവിച്ചിറ സ്വദേശി പാറപ്പുറത്ത് സിജോ വര്‍ഗീസ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സലാലയിലെ ഔഖത്തിലുള്ള താമസ സ്ഥലത്ത് ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചത്. വെള്ളിയാഴ്ച രാത്രി പള്ളിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായി കുട്ടികളെ ഒരുക്കുന്നതിനിടയിലായിരുന്നു അപകടം.
കൈയിലുണ്ടായിരുന്ന ഷാമ്പു ബോട്ടില്‍ താഴെ വീണപ്പോള്‍ അത് മുകളിലേക്ക് എറിഞ്ഞു തരാന്‍ അയല്‍വാസിയായ സ്വദേശി ബാലനോട് സിജോ ആവശ്യപ്പെടുകയായിരുന്നു. ഇത് പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാല്‍വഴുതി താഴേക്ക് വീണത്. തല പൊട്ടി രക്തം വാര്‍ന്നുപോയിരുന്നു. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‍സായ ഭാര്യ നീതു മോള്‍ ആ സമയത്ത് വീട്ടിലുണ്ടായിരുന്നു. നീതു ഓടിയെത്തി പരിശോധിച്ച സമയത്ത് സിജോയ്ക്ക് ജീവനുണ്ടായിരുന്നുവെങ്കിലും ഉടന്‍ തന്നെ തൊട്ടടുത്തുള്ള സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു
കഴിഞ്ഞ ഏഴ് വര്‍ഷമായി ഒമാനിലെ സ്വകാര്യ കമ്പനിയില്‍ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുകയായിരുന്നു സിജോ. ദമ്പതികള്‍ക്ക് എട്ടും ആറും രണ്ടും വയസുള്ള മൂന്ന് ആണ്‍കുട്ടികളാണ്. മൂത്ത മകന്‍ ഡാന്‍ വര്‍ഗീസ്, സലാല ഇന്ത്യന്‍ സ്‍കൂള്‍ വിദ്യാര്‍ത്ഥിയാണ്. രേഖകള്‍ ശരിയാക്കിയ ശേഷം ചൊവ്വാഴ്‍ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യയും മക്കളും മൃതദേഹത്തെ അനുഗമിക്കും.
അമേരിക്കയിലുള്ള സിജോ വര്‍ഗീസിന്റെ മാതാപിതാക്കള്‍ എത്തുന്നത് അനുസരിച്ചായിരിക്കും സംസ്‍കാര ചടങ്ങുകള്‍ നടക്കുക. വാകത്താനം സെന്റ് തോമസ് മലങ്കര സിറിയന്‍ കത്തോലിക്ക പള്ളിയിലായിരിക്കും മൃതദേഹം സംസ്‍കരിക്കുകയെന്ന് ബന്ധുക്കള്‍ അറിയിച്ചു. സിജോയുടെ ആകസ്‍മിക മരണം സലാലയിലെ മലയാളി സമൂഹത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്‍ത്തിയിരിക്കുകയാണ്.