ചെന്നൈ: കൊതുകുനാശിനിയില്‍ നിന്ന് തീ പടര്‍ന്ന് മുത്തശ്ശിയും മൂന്ന് പേരക്കുട്ടികളും മരിച്ചു. ചെന്നൈയിലാണ് സംഭവം. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കൊതുകുനാശിനിയിലെ ദ്രാവകം തീര്‍ന്നതിന് പിന്നാലെ ഉരുകിയ മെഷീന്‍ തുണിയില്‍ വീണാണ് മുറിയില്‍ പുക നിറഞ്ഞത്. 65കാരിയായ സന്താനലക്ഷ്മി, പേരക്കുട്ടികളായ സന്ധ്യ, പ്രിയ രക്ഷിത, പവിത്ര എന്നിവരാണ് വിഷപ്പുക ശ്വസിച്ച് മരിച്ചത്.
8 നും 10 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ മുത്തശ്ശിക്കൊപ്പമായിരുന്നു ഉറങ്ങാന്‍ കിടന്നിരുന്നത്. മുറിയില്‍ നിന്ന് പുറത്തേക്ക് പുക വരുന്നത് കണ്ട അയല്‍ക്കാരാണ് വിവരം പൊലീസിനേയും അഗ്നിശമന സേനയേയും അറിയിച്ചത്. പൊലീസ് സംഭവ സ്ഥലത്ത് എത്തുമ്പോള്‍ അബോധാവസ്ഥയിലായിരുന്നു നാലുപേരുമുണ്ടായിരുന്നത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇവര്‍ കിടന്നുറങ്ങിയ മുറിയില്‍ വച്ച കൊതുകുനാശിനിയില്‍ നിന്ന് തീപടർന്ന് മുറിയില്‍ പുക നിറഞ്ഞ് അത് ശ്വസിച്ചതാണ് ഇവര്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പുക ശ്വസിച്ചാണ് നാലുപേരും മരിച്ചതെന്നാണ് വിലയിരുത്തല്‍. ആശുപത്രിയിലായ പിതാവിനൊപ്പം അമ്മ ആയിരുന്നതിനാലാണ് കുട്ടികള്‍ പേരക്കുട്ടികള്‍ മുത്തശ്ശിക്കൊപ്പം തങ്ങിയത്. ശനിയാഴ്ചയാണ് സംഭവം.