ഇസ്തംബുൾ∙ തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽനിന്നു അഞ്ച് ദിവസത്തിനുശേഷം രക്ഷപ്പെടുത്തിയ കുട്ടിയുടെ അമ്മയെ രണ്ടു മാസത്തിനുശേഷം കണ്ടെത്തി. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തിൽ, ഹാതെയ് പ്രവിശ്യയിൽനിന്നാണ് മൂന്നരമാസം പ്രായമായ കുട്ടി വെറ്റിൻ ബെഗ്ദാസിനെ കണ്ടെത്തിയത്.രക്ഷിച്ചെടുത്തപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. തുടർന്ന് ഡിഎൻഎ പരിശോധന നടത്തിയാണ് കുട്ടിയുടെ അമ്മയെ തിരിച്ചറിഞ്ഞത്. ആശുപത്രിൽ വച്ചാണ് അമ്മ യാസെമിന് 54 ദിവസത്തിനുശേഷം വെറ്റിനെ കൈമാറിയത്. അദാനയിലെ ആശുപത്രിയിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. പിന്നീട് അങ്കാറയിലേക്കു മാറ്റി. ഡിഎൻഎ പരിശോധനാ ഫലം പുറത്തുവന്നതോടെ കുട്ടിയെ വീണ്ടും അദാനയിലെ ആശുപത്രിയിലെത്തിച്ച് അമ്മയ്ക്ക് കൈമാറുകയായിരുന്നു.കുട്ടിയുടെ അച്ഛനും രണ്ട് സഹോദരങ്ങളും ഭൂകമ്പത്തിൽ മരിച്ചു. തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തിൽ 56,000 പേർ മരിച്ചെന്നാണു കണക്ക്.