തിരുവനന്തപുരം : നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയുടെ മരണത്തിൽ അമ്മയ്ക്കും അമ്മയുടെ കാമുകനും ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. നെടുമങ്ങാട് മീര വധക്കേസിൽ അമ്മ പറണ്ടോട് കുന്നില്‍ മഞ്ജുഷ, കരിപ്പൂർ സ്വദേശി അനീഷ് എന്നിവർ കുറ്റക്കാരെന്ന് കണ്ടെത്തിയാണ് കോടതി നടപടി. വിദ്യാര്‍ത്ഥിനിയായിരുന്ന മീരയെ കഴുത്ത് ഞെരിച്ച് കൊന്ന് പൊട്ട കിണറ്റില്‍ തള്ളിയ കേസില്‍ മീരയുടെ അമ്മയെയും കാമുകനെയും കോടതി ജീവപര്യന്തം കഠിന തടവിനും 3,50000 രൂപ പിഴക്കും ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതികള്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. ആറാം അഡീഷണൽ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് പ്രതികളെ ശിക്ഷിച്ചത്.
നെടുമങ്ങാട് പറണ്ടോട് കുന്നില്‍ സ്വദേശിനി മഞ്ജുഷ(39) അവരുടെ കാമുകന്‍ കരിപ്പൂര് കാരാന്തല കുരിശ്ശടിയില്‍ വിവാഹിതനും പെയിന്റിംഗ് തൊഴിലാളിയുമായ അനീഷ് (34) എന്നിവരെയാണ് കോടതി ശിക്ഷിച്ചിത്.
അച്ഛന്റെ മരണ ശേഷം മീര ഏറ്റവും കൂടുതല്‍ കഴിഞ്ഞത് അപ്പൂപ്പനോടും അമ്മൂമ്മയോടുമൊപ്പമാണ്. ഇതിനിടെയാണ് അമ്മയുടെ വാടക വീട്ടില്‍ മീര എത്തിയത്. തങ്ങളുടെ രഹസ്യ ബന്ധത്തിന് മീര തടസമാണെന്ന് കണ്ടാണ് പ്രതികള്‍ മഞ്ജുഷയുടെ വീട്ടില്‍ വച്ച് മീരയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അനീഷിന്റെ ബൈക്കിന് മധ്യത്തിലിരുത്തി കരിപ്പൂർ കാരാന്തലയുളള ആളൊഴിഞ്ഞ പുരയിടത്തിലെ പൊട്ട കിണറ്റില്‍ തളളിയത്. 2019 ജൂലെ 10 നായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം തമിഴ് നാട്ടിലേക്ക് കടന്ന പ്രതികള്‍ അവിടെ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു.
മീരയെ കുറിച്ച് അന്വേഷിച്ച മാതാവ് വത്സലയോട് മീര ആരോടൊപ്പമോ ഒളിച്ചോടിയെന്നും അത് അന്വേഷിച്ച് തമിഴ് നാട്ടിലേക്ക് പോകുന്നുവെന്നുമാണ് മഞ്ജുഷ പറഞ്ഞിരുന്നത്. ദിവസങ്ങള്‍ക്ക് ശേഷം മഞ്ജുഷയെയും ഫോണില്‍ കിട്ടാതെ വന്നപ്പോഴാണ് വത്സല നെടുമങ്ങാട് പോലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വച്ച് പ്രതികളുടെ താമസസ്ഥലം കണ്ടെത്തിയ പോലീസ് ഇരുവരെയും നാഗര്‍ കോവിലില്‍ നിന്ന് പിടികൂടി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡോ.ഗീന കുമാരി ഹാജരായി.